മക്ക സഖ്യവും ഇറാനും ചർച്ച തുടരും; ഗൾഫ് മേഖലയിലെ സമാധാനത്തിൽ പ്രതീക്ഷ
സംഘർഷം കുറക്കാനും സഹകരണം ശക്തമാക്കാനും തീരുമാനം
സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, പാക് സൈനിക മേധാവി അസിം മുനീർ, തുർക്കി ഇന്‍റലിജൻസ് മേധാവി ഇബ്രാഹിം കലീൻ എന്നിവർ
റിയാദ്: എട്ട് മാസത്തിൽ അധികമായി സംഘർഷാവസ്ഥയിൽ തുടരുന്ന ഗൾഫ് മേഖലയിൽ സമാധാനത്തിന്‍റെ പ്രതീക്ഷയേകി മക്ക സഖ്യവും ഇറാനും തമ്മിലെ ചർച്ച. മക്ക സഖ്യത്തിലെ സൗദി അറേബ്യയും പാകിസ്താനും തുർക്കിയും ഇറാനുമായി ചർച്ച തുടരാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇറാനിയൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് ചർച്ചകൾ തുടരാനുള്ള തീരുമാനമെടുത്തത്. ഗൾഫ് മേഖലയിൽ സംഘർഷം കുറക്കാനും സഹകരണം ശക്തമാക്കാനുമായി ചർച്ച തുടരാനാണ് നാല് രാജ്യങ്ങളും ധാരണയിലെത്തിയത്. ഗൾഫിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
മക്ക സംയുക്ത പ്രതിരോധ കരാറിലെ അംഗരാജ്യങ്ങളായ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവയുടെ പ്രതിനിധികളും ഇറാൻ നേതൃത്വവുമാണ് യോഗത്തിൽ പങ്കെടുത്തത്. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, പാക് സൈനിക മേധാവി അസിം മുനീർ, തുർക്കി ഇന്‍റലിജൻസ് മേധാവി ഇബ്രാഹിം കലീൻ എന്നിവരാണ് സഖ്യത്തെ പ്രതിനിധീകരിച്ചത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മേഖലാ-അന്തർദേശീയ തലങ്ങളിൽ സംവാദവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് സന്ദർശനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയിൽ ഉൾപ്പെട്ട കക്ഷികൾക്കിടയിലെ സംഘർഷം കുറക്കാനും നയതന്ത്ര പരിഹാരങ്ങൾക്കുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം അറിയിച്ചു.
മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്ന ധാരണകളെ ഇറാൻ പിന്തുണക്കുന്നതായി പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. സഹകരണത്തിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ തെഹ്‌റാൻ തയാറാണെന്നും അദ്ദേഹം സന്ദർശക പ്രതിനിധി സംഘത്തോട് പറഞ്ഞു. ചർച്ചകൾ വളരെ മികച്ചതായിരുന്നുവെന്ന് ഇറാന്‍റെ സുരക്ഷാ മേധാവി മൊഹ്സെൻ റെസായി പ്രതികരിച്ചു. ഗൾഫിൽ പുതിയൊരു അന്തരീക്ഷം രൂപപ്പെടുന്നതായി തോന്നുന്നുവെന്നും ചർച്ചകളിൽ അനുകൂലമായ സാഹചര്യം അനുഭവപ്പെട്ടുവെന്നും റെസായി ഇറാൻ ഔദ്യോഗിക ടെലിവിഷനോട് പറഞ്ഞു.ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് ചർച്ചകൾ പിന്തുണയാകുമെന്നാണ് പ്രതീക്ഷ. പ്രതിസന്ധിയിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും മധ്യസ്ഥശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുമെന്ന് സൗദി അറേബ്യ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ചതാണ് മക്ക സംയുക്ത പ്രതിരോധ കരാർ.