സൗദിയുടെ എണ്ണയിതര കയറ്റുമതിയിൽ 19 ശതമാനം വർധന
2025 അവസാന പാദത്തിൽ 9,750 കോടി റിയാലിന്റെ റെക്കോർഡ് നേട്ടം
റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്ക് കരുത്തേകി രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതിയിൽ വൻ വർധനവ്. 2025ന്റെ അവസാന പാദത്തിൽ എണ്ണയിതര ഉൽപ്പന്നങ്ങളുടെ കയറ്റുമതി 9,750 കോടി റിയാലിലെത്തി. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. ആകെ കയറ്റുമതിയുടെ 32 ശതമാനവും ഇപ്പോൾ എണ്ണയിതര മേഖലയിൽ നിന്നാണെന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാകുന്നതിന്റെ സൂചനയാണ്.
യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിയിലാണ് പ്രധാനമായും വലിയ മുന്നേറ്റമുണ്ടായത്. ഈ മേഖലയിൽ മാത്രം 79 ശതമാനം വർധനവ് രേഖപ്പെടുത്തി 2,270 കോടി റിയാലിന്റെ വരുമാനമുണ്ടാക്കി. കെമിക്കൽ ഉൽപ്പന്നങ്ങളാണ് രണ്ടാമത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടന്നത്. മൊത്തം കയറ്റുമതിയുടെ 55 ശതമാനവും കടൽ മാർഗമാണ് നടന്നതെങ്കിലും, വിമാനത്താവളങ്ങളും കര അതിർത്തികളും വഴിയുള്ള നീക്കത്തിലും ഗണ്യമായ പുരോഗതിയുണ്ട്.