'തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം'; മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
പ്രശ്നപരിഹാരത്തിനായി ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ സൗദി സ്വാഗതം ചെയ്തു
റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് പൂർണ പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവ ഉൾപ്പെടുന്ന മക്ക പ്രതിരോധ സഖ്യത്തിന്റെ നിർണായക പങ്കിനെ മന്ത്രിസഭ പ്രശംസിച്ചു. സംഘർഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ സൗദി സ്വാഗതം ചെയ്തു.
മക്ക പ്രതിരോധ സഖ്യത്തിലെ ഉന്നതതല പ്രതിനിധി സംഘം തെഹ്റാനിൽ നടത്തിയ സന്ദർശനവും ഇറാൻ ഭരണനേതൃത്വവുമായി നടത്തിയ ചർച്ചകളും യോഗം വിലയിരുത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ, തുർക്കി രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിൻ എന്നിവരടങ്ങുന്ന സംഘമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി ചർച്ച നടത്തിയത്. മേഖലയിലെ സുരക്ഷ വർധിപ്പിക്കാനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനും സഹകരിക്കാൻ തയ്യാറാണെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പോസിറ്റീവായ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഹൂതികളുടെ ഡ്രോൺ-മിസൈൽ ആക്രമണ ശ്രമങ്ങളെ വിജയകരമായി തകർത്ത സൗദി വ്യോമ പ്രതിരോധ സേനയെ യോഗം അഭിനന്ദിച്ചു. പുണ്യനഗരങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കിയ മന്ത്രിസഭ, ഇരുഹറമുകളെയും രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാൻ സൗദിക്ക് പൂർണ അവകാശമുണ്ടെന്നും ആവർത്തിച്ചു.