യമനിൽ ഹൂതികളുടെ വൻ ആയുധശേഖരം തകർത്ത് സൗദി സഖ്യസേന; സാദയിലെ രഹസ്യ താവളം നശിപ്പിച്ചു
സാദയിൽ 20 ബാലിസ്റ്റിക് മിസൈലുകളാണ് സഖ്യസേന നശിപ്പിച്ചത്
Update: 2026-10-06 03:53 GMT
റിയാദ്: യമനിൽ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശേഷികൾ തകർത്തുകൊണ്ട് സൗദി സഖ്യസേന വൻ ആക്രമണ നീക്കം തടഞ്ഞു. തലസ്ഥാനമായ സൻആഇലും സാദ പ്രവിശ്യയിലുമായി സഖ്യസേന നടത്തിയ രണ്ട്സൈനിക തിരിച്ചടികളിലാണ് വൻ തോതിലുള്ള ആയുധശേഖരം നശിപ്പിച്ചത്. സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാകിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
സാദ പ്രവിശ്യയിലെ മലനിരകൾക്കുള്ളിലെ രഹസ്യ താവളത്തിൽ പ്രവർത്തിച്ചിരുന്ന ആയുധപ്പുര ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഏകദേശം 20 ബാലിസ്റ്റിക് മിസൈലുകൾ പൂർണമായി നശിപ്പിച്ചു. സൻആഇൽ ഏതുനിമിഷവും ആക്രമണത്തിന് തയ്യാറാക്കി നിർത്തിയിരുന്ന ഒരു ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും സഖ്യസേന തകർത്തു. മേഖലയിലെ ജനവാസ കേന്ദ്രങ്ങളെയും സിവിലിയന്മാരെയും ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സഖ്യസേന ഈ നീക്കം നടത്തിയത്.