സൗദിയിൽ ഇനി ഡെലിവെറിക്ക് ഡ്രൈവർ വേണ്ട; 'ലാസ്റ്റ് മൈൽ' സർവീസിന് തുടക്കം
ആദ്യഘട്ടം റിയാദിലെ അൽ ഫലാഹിൽ ആരംഭിച്ചു
റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള 'ലാസ്റ്റ് മൈൽ' ഡെലിവറി സർവീസിന് തുടക്കമായി. റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ആദ്യ ഘട്ടത്തിൽ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച ട്രാൻസ്പോർട്ട് ഹാക്കത്തോണിൽ ഉയർന്നുവന്ന ആശയമാണ് ഇപ്പോൾ പ്രായോഗികമായിരിക്കുന്നത്.
360-ഡിഗ്രി സെൻസിങ് കവറേജും റിമോട്ട് ഓപ്പറേഷൻ സെന്ററിൽ നിന്ന് നേരിട്ടുള്ള നിരീക്ഷണവുമുള്ള ലെവൽ 4 സാങ്കേതികവിദ്യയിലാണ് വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ആവശ്യാനുസരണം വാഹനം ഉടനടി നിർത്തിയിടാനും ഇതിന് സാധിക്കും. ലാസ്റ്റ് മൈൽ പദ്ധതിയിലൂടെ ഡെലിവറി ചെലവിൽ 85 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പൂർണമായും ഇലക്ട്രിക് വാഹനങ്ങളാണെന്നതിനാൽ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും ശബ്ദമലിനീകരണം കുറയ്ക്കാനും ഇതിന് കഴിയും.