125 രാജ്യങ്ങളിലേക്ക് ഈത്തപ്പഴം; കയറ്റുമതിയിൽ സൗദിക്ക് നാലാം വർഷവും ഒന്നാം സ്ഥാനം
193.8 കോടി സൗദി റിയാലിന്‍റെ ഈത്തപ്പഴമാണ് സൗദി കയറ്റിയയച്ചത്
റിയാദ്: ഈത്തപ്പഴ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി സൗദി അറേബ്യ. തുടർച്ചയായ നാലാം വർഷമാണ് സൗദി അറേബ്യ ഒന്നാമതെത്തുന്നത്. 2025ൽ 193.8 കോടി സൗദി റിയാലിന്‍റെ കയറ്റുമതിയാണ് നടന്നതെന്ന് അന്താരാഷ്ട്ര വ്യാപാര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. കൃഷിമേഖലയെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വളർച്ചാ മേഖലയാക്കി മാറ്റാനുള്ള സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഈത്തപ്പഴ വ്യവസായം കൈവരിക്കുന്ന മുന്നേറ്റത്തിന്‍റെ പ്രധാന തെളിവാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. 125 രാജ്യങ്ങളിലേക്കാണ് സൗദി അറേബ്യ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നത്.
ഒന്നാം സ്ഥാനം ഇറാനിൽ നിന്ന് സൗദിയിലേക്ക്
2020ൽ ലോകതലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്ന സൗദി 2021ലാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2020 ൽ ഇറാൻ ഒന്നാം സ്ഥാനത്തും തുനീഷ്യ രണ്ടാം സ്ഥാനത്തായിരുന്നു. 2020ൽ കയറ്റുമതി മൂല്യത്തിൽ ലോകത്ത് ഒന്നാമത് ഇറാനായിരുന്നു. 29.65 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് അന്ന് ഇറാൻ നടത്തിയത്. രണ്ടാം സ്ഥാനത്ത് തുനീഷ്യയും മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയുമായിരുന്നു. സൗദിയുടെ കയറ്റുമതി മൂല്യം അന്ന് ഏകദേശം 25.21 കോടി ഡോളർ ആയിരുന്നു. 2025 ആയപ്പോഴേക്കും സൗദിയുടെ കയറ്റുമതി മൂല്യം ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. ഏകദേശം 52 കോടി ഡോളറാണ് 2025ലെ കയറ്റുമതി മൂല്യം. 2021ൽ 113 രാജ്യങ്ങളിലേക്കായി ഏകദേശം 128 കോടി റിയാലിന്‍റെ കയറ്റുമതിയാണ് സൗദി നടത്തിയത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം കയറ്റുമതി മൂല്യം വർധിക്കുകയാണ്. ഒപ്പം രാജ്യങ്ങളുടെ എണ്ണവും കൂടി. ഇപ്പോൾ 125 രാജ്യങ്ങളും 193.8 കോടി റിയാലുമെത്തി. സൗദി ഈത്തപ്പഴത്തിന് ആഗോള വിപണിയിൽ ആവശ്യകത വർധിക്കുന്നതിന്‍റെ സൂചന കൂടിയാണ് കയറ്റുമതി വ്യാപനമെന്ന് നാഷനൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് സി.ഇ.ഒ അഹ്മദ് അൽ മൂസ പറഞ്ഞു.ഗുണനിലവാരം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, വിവിധയിനം ഈത്തപ്പഴങ്ങളുടെ ലഭ്യത എന്നിവയാണ് അന്താരാഷ്ട്ര വിപണിയിൽ സൗദി ഉൽപന്നങ്ങളുടെ പ്രധാന കരുത്തുകൾ. ആഗോള വിപണിയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി നാഷനൽ സെന്‍റർ നടപ്പാക്കുന്ന ‘സൗദി ഡേറ്റ്സ് എക്സ്പോർട്ട് എനേബ്ലിങ്’ ഉൾപ്പെടെ പദ്ധതികൾ കയറ്റുമതി വളർച്ചയിൽ നിർണായക പങ്കുവഹിച്ചതായും അൽ മൂസ വ്യക്തമാക്കി.
370 ലക്ഷം ഈത്തപ്പനകൾ; വാർഷിക ഉൽപാദനം 19 ലക്ഷം ടൺ
സൗദിയിലെ ഈത്തപ്പഴ വ്യവസായത്തിന്റെ വലുപ്പം വ്യക്തമാക്കുന്നതാണ് രാജ്യത്തുടനീളമുള്ള ഈത്തപ്പനകളുടെ എണ്ണം. വിവിധ പ്രദേശങ്ങളിലായി 370 ലക്ഷം ഈത്തപ്പനകളാണ് സൗദിയിലുള്ളത്. രാജ്യത്തെ വാർഷിക ഈത്തപ്പഴ ഉൽപാദനം 19 ലക്ഷം ടണ്ണിലേറെയായി ഉയർന്നിട്ടുണ്ട്. ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കൃഷിയിടത്തിൽനിന്ന് അന്താരാഷ്ട്ര റീട്ടെയിൽ വിപണിയിലെത്തുന്നതുവരെയുള്ള മുഴുവൻ വിതരണശൃംഖലയും കൂടുതൽ കാര്യക്ഷമമാക്കാനാണ് സൗദി ഇപ്പോൾ ശ്രമിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, വ്യവസായ പങ്കാളികൾ എന്നിവർ തമ്മിലുള്ള ഏകോപനം ശക്തമാക്കിയതും വിതരണശൃംഖല മെച്ചപ്പെടുത്തിയതും കയറ്റുമതി കാര്യക്ഷമമാക്കിയതുമാണ് നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം.
വിഷൻ 2030യിൽ ഈത്തപ്പഴത്തിനും വലിയ പങ്ക്
പരമ്പരാഗതമായി സൗദിയുടെ പ്രധാന കാർഷിക ഉൽപന്നങ്ങളിലൊന്നായ ഈത്തപ്പഴം, വിഷൻ 2030യുടെ ഭാഗമായി ആഗോള കയറ്റുമതി ബ്രാൻഡായി വളർത്താനുള്ള ശ്രമത്തിലാണ് രാജ്യം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സൗദി ഈത്തപ്പഴ വിപണി വ്യാപിക്കുന്നതോടെ, മരുഭൂമിയിലെ കാർഷിക ഉൽപാദനത്തെ ആഗോള ഭക്ഷ്യവിപണിയിലെ മത്സരശേഷിയുള്ള വ്യവസായമാക്കി മാറ്റുന്നതിലും പുതിയ മാതൃക സൃഷ്ടിക്കുകയാണ്.