രാജ്യത്തിനായി ജീവൻ വെടിഞ്ഞവർക്ക് ആദരമർപ്പിച്ച് യു.എ.ഇ
ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ മൂന്ന് ദിവസം യുഎഇ യിൽ പൊതു അവധിയായിരിക്കും
രാജ്യത്തിനായി ജീവൻ നൽകിയ ധീര രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചാണ് യുഎഇ യിലെമ്പാടും ഇന്ന് രക്തസാക്ഷിദിനം ആചരിച്ചത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ എന്നിവർ രക്തസാക്ഷികളുടെ സേവനങ്ങളെ ഓർമിച്ച് രാജ്യത്തിന് സന്ദേശം നൽകി.
രക്തസാക്ഷികളെ അഭിമാനത്തോടെയും നന്ദിയോടെയും ഓർമിക്കണമെന്ന് രാഷ്ട്രനേതാക്കൾ സന്ദേശത്തിൽ പറഞ്ഞു., യു എ ഇ പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈതി പങ്കെടുത്തു. ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമാൻഡർ ഇൻ ചീഫ്, മുതിർന്ന ഓഫീസർമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ദുബൈ ആർ ടി എ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രത്യേക അനുസ്മരണ പരിപാടികൾ നടന്നു. യു എ ഇയിൽ മൂന്ന് ദിവസം നീളുന്ന ദേശീയദിന അവധിക്ക് നാളെ തുടക്കമാകും. ഡിസംബർ മൂന്ന് വരെയാണ് ദേശീയദിനം പ്രമാണിച്ചുള്ള പൊതുഅവധി. ഡിസംബർ രണ്ടിനാണ് യു എ ഇദേശീയദിനം ആഘോഷിക്കുന്നത്.