ദുബൈയിൽ ശൈത്യകാലമെത്തി; മരുഭൂമികൾ കൂളാക്കി ഡെസേർട്ട് നൈറ്റുകൾ
ടെന്റുകൾക്ക് നിരക്ക് വർധിച്ചു
ദുബൈ: ദുബൈയിൽ ശൈത്യകാലമെത്തിയതോടെ രാത്രികാല ക്യാമ്പിങ്ങുകൾ സജീവമായി. മരുഭൂമികളിൽ ഒരുക്കിയ ടെന്റുകൾക്ക് ആവശ്യക്കാരേറിയതോടെ നിരക്ക് വർധിച്ചു. 4മുതൽ 6 പേരെ ഉൾക്കൊള്ളുന്ന ടെന്റുകൾക്ക് വാരാന്ത്യങ്ങളിൽ രാത്രി 8 മുതൽ 11 വരെ മണിക്കൂറിന് 250 ദിർഹമാണ് നിരക്ക്. 11ന് ശേഷം ഇത് 130 ദിർഹമായി കുറയും.
ഏകദേശം ആറു മാസത്തെ ചൂടുകാല ഇടവേളയ്ക്ക് ശേഷം, ഹാഫ് ഡെസേർട്ടിലും അൽ ഖുദ്രയിലും നിരവധി ടെന്റുകൾ പ്രവർത്തനമാരംഭിച്ചു. ദുബൈ ശൈത്യ സായാഹ്നങ്ങളുടെ പരിചിത ദൃശ്യങ്ങൾക്ക് മാറ്റമില്ലെങ്കിലും നിരക്കിൽ വലിയ തോതിലുള്ള മാറ്റമുണ്ടായിട്ടുണ്ട്. ഒക്ടോബർ മുതൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ആവശ്യക്കാരുടെ വിളികളെത്തിയതായി ടെന്റ് കെയർടേക്കർമാർ പറയുന്നു.
എന്നാൽ മറ്റു ദിവസങ്ങളിൽ മണിക്കൂറിന് 150 ദിർഹം നിരക്കിൽ ക്യാമ്പിങ് ചെയ്യാൻ സാധിക്കും. തിരക്ക് വർധിക്കുന്നതിനനുസരിച്ച് റെന്റുകളിൽ മാറ്റമുണ്ടാകുമെന്നും കെയർടേക്കർമാർ അറിയിച്ചു.