14,18, 43, 47, 57, 9, 30… ഇത്തിഹാദ്​ റെയിലിന്‍റെ ടൈംടേബിളിലെ കൗതുക അക്കങ്ങൾ

ഈ അക്കങ്ങളുടെ സാമ്യങ്ങൾ ഇത്തിഹാദ്​ റെയിലിനെ എന്നും ഓർത്തുവെക്കാൻ സഹായിക്കും

Update: 2026-09-29 01:30 GMT
Editor : Rafeeq MM | By : Gulf Desk

ദുബൈ: ഇത്തിഹാദ്​ റെയിൽ നാളെ ദുബൈ- അബൂദബി സർവിസ്​ ആരംഭിക്കു​മ്പോൾ ചില അക്കങ്ങളുടെ സാമ്യങ്ങൾ കൂടി നമ്മളിലേക്ക്​ എത്തുന്നുണ്ട്​. ട്രെയിനിന്‍റെ ഉദ്​ഘാടന തീയതി, പുറപ്പെടൽ സമയം, നിരക്ക്​ എന്നിവയി​ലെല്ലാം ഈ അക്കങ്ങളുടെ സാമ്യങ്ങൾ കാണാം. 14, 43, 57, 9, 30… എന്നീ അക്കങ്ങൾ ചില രസകരമായ അക്കസാമ്യങ്ങൾ കൂടിയാണ്.ദുബൈയിൽനിന്ന് അബൂദബിയിലേക്ക് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയങ്ങൾ നോക്കൂ....6.14 , 7.14, 13.14, 17.14, 18.14... അഞ്ച് സമയങ്ങളിലും മിനിറ്റിന്‍റെ സ്ഥാനത്ത് ഒരേ സംഖ്യ കാണാം — 14. ഈ ട്രെയിനുകൾ അബൂദബിയിൽ എത്തുന്ന സമയത്തിലും ഇതേപോലെ ഒരു കൗതുകമുണ്ട്​. നിലവിൽ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം എല്ലാ ട്രെയിനുകളും എത്തുന്നത്​ 8.18, 2.18, 6.18, 7.18 എന്നിങ്ങനെ സമയം കാണാം. അബൂദബിയിൽനിന്ന് ദുബൈയിലേക്ക് നോക്കിയാലോ? അവിടെയും ഇത്തരമൊരു കൗതുകമുണ്ട്​. രാവിലെ 6.43നും 7.43നും ഉച്ചക്ക്​ 12.43നും വൈകുന്നേരം 4.43നും 5.43നും എല്ലാമാണ്​ ​ട്രെയിനുകൾ പുറപ്പെടുന്നത്​. ഇവിടെയും അഞ്ച് സർവീസുകളിലും ഒരേ അവസാന രണ്ട് അക്കങ്ങൾ — 43. ഇവിടെ ട്രെയിനുകൾ എത്തുന്ന സമയങ്ങൾ നോക്കിയാൽ മറ്റൊരു കൗതുകമുണ്ട്​. ട്രെയിനുകൾ എല്ലാം ദുബൈയിൽ എത്തുക 7.47, 8.47, 1.47, 5.47, 6.47 എന്നിങ്ങനെയാണ്​. മണിക്കൂറിലെ 47ാം മിനിറ്റിലാണ്​ ട്രെയിനുകൾ എത്തുക.  അബൂദബിയിൽ നിന്നും ദു​ബൈയിൽ നിന്ന്​ പുറപ്പെടുന്ന രണ്ട്​ സമയങ്ങളും കൂട്ടി നോക്കിയാൽ മറ്റൊരു കൗതുക അക്കം കൂടി ലഭിക്കും. ദുബൈയിൽ നിന്ന്​ പുറപ്പെടുന്ന 14ാം മിനിറ്റും അബൂദബിയിൽ നിന്ന്​ പുറപ്പെടുന്ന 43ാം മിനിറ്റും കൂട്ടിയാൽ 14 + 43 = 57 എന്ന ദുബൈ- അബൂദബി യാത്ര സമയവും ലഭിക്കും.

Advertising
Advertising

സമയങ്ങളിലെ 14നും 43നും പിന്നാലെ ടിക്കറ്റ് നിരക്കുകളിലും മറ്റൊരു ചെറിയ കൗതുകം. ദുബൈ–അബൂദബി റൂട്ടിൽ കംഫർട്ട്​ ക്ലാസിൽ 39 ദിർഹവും പ്രീമിയം ക്ലാസിൽ 109 ദിർഹവുമാണ്​ നിരക്ക്​. രണ്ടിന്‍റെയും അവസാനം 9. ദുബൈ–ഫുജൈറയിലേക്കാണെങ്കിൽ കംഫർട്ട്​ ക്ലാസ്​ 29 ദിർഹം, പ്രീമിയം ക്ലാസ്​ 89 ദിർഹം. ഇവിടെയും രണ്ടിന്‍റെയും അവസാനം 9 തന്നെ. മറ്റൊന്ന്​ കൂടിയുണ്ട്​ കൗതുകമുണർത്തുന്നത്​. പാസഞ്ചർ റെയിലിന്‍റെ ഔദ്യോഗിക യാത്രാ ചരിത്രത്തിൽ 30 എന്ന സംഖ്യക്ക്​ പ്രത്യേക സാന്നിധ്യമുണ്ട്. ആദ്യ പാസഞ്ചർ സർവീസ് ഫുജൈറയിൽനിന്ന് ആരംഭിച്ചത്​ ജൂൺ 30നാണ്​. ദുബൈ - അബൂദബി സർവിസ്​ ആരംഭിക്കുന്നത്​ സെപ്​റ്റംബർ 30ന്​. അൽ ദൈദ് സ്റ്റേഷൻ തുറക്കുന്നതും സെപ്​റ്റംബർ 30ന്​ തന്നെ. ഒക്​ടോബർ 30ന്​ മദീനത്​ സായിദ്​, ലിവ സ്​റ്റേഷനുകളും ഡിസംബർ 30ന്​ അൽ ദഫ്റ മേഖലയിലെ ശേഷിക്കുന്ന സ്റ്റേഷനുകളും പ്രവർത്തനത്തിലാകും. 2027 മാർച്ച്​ 30നാണ്​ ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ ഉദ്​ഘാടനം ചെയ്യുന്നത്​. അങ്ങനെ 30 എന്ന തീയതിയിലൂടെ തന്നെ ഘട്ടങ്ങൾ ഓർത്തുവയ്ക്കാനാകുന്ന തരത്തിലാണ് പാസഞ്ചർ റെയിൽ വികസനം മുന്നേറുന്നത്.ഒരു പുതിയ റെയിൽ ശൃംഖലയുടെ കണക്കുകൾ മാത്രമല്ല ഇവ. യുഎഇയുടെ വിവിധ നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പുതിയ യാത്രാ അധ്യായത്തിന്റെ നമ്പർ മുഖങ്ങളും കൂടിയാണ്.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News