Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: നമ്മൾ സാധാരണയായി കടകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന പാക്കറ്റ് ഫുഡുകൾ, പലപ്പോഴും അതിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന് നോക്കുക പോലും ചെയ്യാറില്ല. നിസ്സാരമായി അവഗണിക്കുന്ന ഈ കാര്യം വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ ഇടയാക്കിയേക്കാം. ദൈനംദിന ജീവിതത്തിന്റെ വലിയ ഭാഗമായി മാറുന്ന പാക്കറ്റ് ഫുഡിൽ കൃത്രിമം കാണിക്കുന്നവർക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് യുഎഇ. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഏതെല്ലാം ഉൽപന്നങ്ങളിലാണ് നിയന്ത്രണങ്ങൾ വരുന്നതെന്ന് പരിശോധിക്കാം.
സോഡിയം, ഫാറ്റ് നിയന്ത്രിക്കും
പാക്കറ്റ് ഭക്ഷണങ്ങളിലെ സോഡിയം, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കാൻ യുഎഇയിൽ രാജ്യവ്യാപകമായി കാമ്പയിൻ ആരംഭിക്കുകയാണ്. ഭക്ഷണത്തിന്റെ പോഷകഗുണം ഉയർത്തുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുമാണ് ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെയായിരിക്കും പുതിയ പരിധികൾ നടപ്പാക്കുക. 2030 ഡിസംബർ 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
യുഎഇയിൽ നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പാക്കറ്റ് ഭക്ഷണങ്ങൾക്കാണ് നിയന്ത്രണം ബാധകമായിരിക്കുക. ഫ്രീസോൺ കമ്പനികൾ ഉൾപ്പെടെ ഇത്തരം ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും നിയമം പാലിക്കേണ്ടിവരും. അതേസമയം യുഎഇയിൽ വിൽപന നടത്താതെ നേരിട്ട് കയറ്റുമതി ചെയ്യുന്നതിനായി മാത്രം നിർമിക്കുകയും ഇറക്കുമതി ചെയ്യുന്നതുമായ ഉൽപന്നങ്ങൾക്ക് നിയന്ത്രണം ബാധകമാകില്ല.
മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി
പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികളിലേക്കാണ് രാജ്യം കടക്കുന്നത്. മുന്നറിയിപ്പുകൾക്ക് പുറമെ 5,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ചുമത്താം. അതോടൊപ്പം സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും ആറ് മാസം വരെ അടച്ചുപൂട്ടാനും വ്യവസ്ഥയുണ്ട്. എന്നാൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രാജ്യത്ത് നിർമ്മിക്കുകയും വിപണിയിലെത്തിച്ചതുമായ ഉൽപ്പന്നങ്ങൾ ഒരു വർഷം വരെ അല്ലെങ്കിൽ കാലാവധി അവസാനിക്കുന്നതുവരെ വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഉൽപന്നങ്ങളിൽ എത്ര അളവ് സോഡിയം,ഫാറ്റ് അനുവദിക്കും
ഭക്ഷ്യ ഉൽപന്നങ്ങൾ ഏതൊക്കെയെന്ന് അനുസരിച്ചാണ് പുതിയ പരിധികൾ നടപ്പാക്കുന്നത്. ഉദാഹരണമായി, 100 ഗ്രാം ലീവൻഡ് ബ്രെഡിൽ ആദ്യഘട്ടത്തിൽ പരമാവധി 444 മില്ലിഗ്രാം സോഡിയം, 8.4 ഗ്രാം ഫാറ്റ് എന്നിവ അനുവദിക്കും. രണ്ടാം ഘട്ടത്തിൽ ഇത് 370 മില്ലിഗ്രാം സോഡിയം, 7 ഗ്രാം ഫാറ്റ് എന്ന പരിധിയിലെത്തിക്കും. ഫ്ലാറ്റ് ബ്രെഡിന് ആദ്യഘട്ടത്തിൽ 100 ഗ്രാമിന് പരമാവധി 384 മില്ലിഗ്രാം സോഡിയം, 8.4 ഗ്രാം ഫാറ്റും അനുവദിക്കും. രണ്ടാം ഘട്ടത്തിൽ ഇത് യഥാക്രമം 320 മില്ലിഗ്രാം, 7 ഗ്രാം എന്നിങ്ങനെ കുറയുകയും ചെയ്യും.
പാലിനും, മറ്റ് പാൽ ഉൽപന്നങ്ങളുടെയും പഞ്ചസാരയുടെ അളവ് ആദ്യഘട്ടത്തിൽ 9.6 ഗ്രാമും പിന്നീട് 8 ഗ്രാമുമായി കുറയ്ക്കും. യോഗർട്ടിലും ലബാനിലും 12 ഗ്രാം പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇത് 10 ഗ്രാമായി കുറയും.
പാക്കറ്റ് സ്നാക്ക്സുകളിൽ വലിയ മാറ്റമാണ് വരുന്നത്. ഇവയുടെ സോഡിയം അളവ് 696 മില്ലിഗ്രാമിൽ നിന്ന് 580 മില്ലിഗ്രാമായി കുറയ്ക്കും. നട്സ്, സീഡ്സ് എന്നിവ 336ൽ നിന്ന് 280 മില്ലിഗ്രാമാകും. കിഴങ്ങ്, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്നാക്സുകൾ 564ൽ നിന്ന് 470 മില്ലിഗ്രാമായും പരിധി കുറയും.
പ്രോസസ് ചെയ്ത ചീസിനും പുതിയ മാനദണ്ഡങ്ങളുണ്ട്. ഇവ രണ്ടാം വിഭാഗത്തിലാണ് വരുക. ക്രീം ചീസിലെ സോഡിയം പരിധി 864 മില്ലിഗ്രാമിൽ നിന്ന് 720 മില്ലിഗ്രാമായും മറ്റ് പ്രോസസ്ഡ് ചീസുകളിൽ 1.2 ഗ്രാമിൽ നിന്ന് ഒരു ഗ്രാമായും കുറയ്ക്കും.
നിയമം പാലിക്കാനുള്ള സമയം
ആദ്യ വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഒന്നാംഘട്ട പരിധി പാലിക്കാൻ ഒമ്പത് മാസം വരെയും രണ്ടാം വിഭാഗത്തിലുള്ളവക്ക് രണ്ട് വർഷവും മൂന്ന് മാസം വരെയും സമയം അനുവദിക്കും. എന്നാൽ എല്ലാ ഉൽപ്പന്നങ്ങളും 2030 ഡിസംബർ 31നകം അന്തിമ പരിധിയിലെത്തിയിരിക്കണം.
ആർക്കൊക്കെ ഇളവ് ലഭിക്കും
എന്നാൽ, ഒരു പ്രത്യേക ഘടകത്തിന്റെ അളവ് ആദ്യഘട്ടത്തിൽ തന്നെ 20 ശതമാനത്തിലധികം കുറയ്ക്കേണ്ട സാഹചര്യമുണ്ടാകുന്ന സ്ഥാപനങ്ങൾക്ക് ഇളവിനായി അപേക്ഷിക്കാനും കഴിയും. ഇതിനായി പുതിയ ചട്ടം പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനകം അപേക്ഷ നൽകണം. സാങ്കേതിക വിവരങ്ങൾ, ഉൽപ്പന്നത്തിന്റെ ന്യുട്രീഷൻ ലേബൽ, അംഗീകൃത ലബോറട്ടറിയിലെ പരിശോധനാ ഫലങ്ങൾ എന്നിവ അപേക്ഷ നൽകുമ്പോൾ സമർപ്പിക്കുകയും വേണം. ഇനി ഇളവ് ലഭിച്ചാലും 2030 ഡിസംബർ 31നകം നിശ്ചയിച്ചിരിക്കുന്ന പരിധികൾ പാലിക്കേണ്ടത് നിർബന്ധമാണ്.
വരും ദിവസങ്ങളിൽ യുഎഇ ആരോഗ്യ മന്ത്രാലയം നടപടിക്രമങ്ങൾ ഓരോന്നായി നടപ്പിലാക്കും. കടകളിലെത്തുന്ന ഉൽപന്നങ്ങളിൽ വലിയ മാറ്റങ്ങൾ വന്നേക്കാം. പാക്കറ്റ് ഫുഡ് പൂർണമായും ഒഴിവാക്കണം എന്നല്ല, മറിച്ച് നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന ശ്രദ്ധ വേണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.