യുഎഇയിലെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴ സാധ്യതയും; ബുധനാഴ്ച വരെ അസ്ഥിര കാലാവസ്ഥ
വടക്കൻ, കിഴക്കൻ മേഖലകളിലാണ് മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളത്
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വടക്കൻ, കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് വീശുന്ന കാറ്റിന് സാധാരണ 10 മുതൽ 25 കി.മീ വരെ വേഗതയുണ്ടാകും. എന്നാൽ, മേഘാവൃതമായ സമയങ്ങളിലാണ് കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കി.മീ വരെയായി ഉയരുക. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും.
രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം. അറേബ്യൻ ഗൾഫിൽ കടൽ ശാന്തമായിരിക്കും. അബൂദബിയിലും ഷാർജയിലും ഇന്ന് ഉയർന്ന താപനില 35°C വരെയായിരിക്കും. ദുബൈയിൽ 34°Cഉം ഫുജൈറയിൽ 33°C ഉം ആയിരിക്കും ഉയർന്ന താപനില. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.