ലോക സമാധാന ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം

ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് സമ്മിറ്റ്, 12 നോബേൽ ജേതാക്കൾ സംഗമിക്കും

Update: 2025-04-12 17:07 GMT

ദുബൈ: രണ്ടുദിവസം നീളുന്ന ലോക സമാധന ഉച്ചകോടിക്ക് ദുബൈയിൽ തുടക്കമായി. 12 നൊബേൽ പുരസ്‌കാര ജേതാക്കൾ ഒരു വേദിയിൽ ഒന്നിച്ചെത്തുന്നു എന്നതാണ് ഉച്ചകോടിയുടെ പ്രത്യേകത. ഉച്ചകോടി നാളെ സമാപിക്കും.

ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ് സമ്മിറ്റ് പേരിലാണ് ദുബൈ എക്‌സ്‌പോ സിറ്റിയിൽ സമാധാന ഉച്ചകോടി ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സമാധാന സമ്മേളനമാണിതെന്ന് സംഘാടകർ പറയുന്നു. യു.എ.ഇയിലെ പ്രമുഖ പാർലമെന്റേറിയനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അലി റാഷിദ് അൽ നുഐമി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

12 സമാധാന നോബൽ ജേതാക്കൾ മുതൽ സിനിമാതാരങ്ങൾ വരെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ആദ്യ സെഷനിൽ മുൻ പോളണ്ട് പ്രസിഡന്റും സമാധാന പുരസ്‌കാര ജേതാവുമാവായ ലെക് വലേസ ഉച്ചകോടിയെ സംബോധന ചെയ്തു. സമാധാനം, നീതി, മാനുഷിക മൂല്യങ്ങൾ എന്നിവ അടിസ്ഥാനമായ പുതിയ ലോക ക്രമത്തിന്റെ ആവശ്യകതയുണ്ടെന്ന് വലേസ പറഞ്ഞു. സമാധാന പുരസ്‌കാര ജേതാക്കളെയും രാഷ്ട്രതലവൻമാരെയും ഒരേ വേദിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനുണ്ടെന്ന് സംഘാടകരായ ഐ ആം പീസ് കീപ്പർ മുവ്‌മെന്റ് ചെയർമാൻ ഡോ. ഹുസൈഫ ഖൊറാഖിവാല പറഞ്ഞു.

ഉച്ചകോടിയുടെ രണ്ടാം ദിവസമായ നാളെ 'വൺ പ്ലാനെറ്റ്, വൺ വോയ്സ്: ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ്' എന്ന വിഷയത്തിൽ ഒരുക്കുന്ന ചർച്ചയിലാണ് 12 നോബൽ സമാധാന സമ്മാന ജേതാക്കൾ ഒന്നിക്കുക. യു.എ.ഇ സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്‌യാൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായി എത്തും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News