കാപ്പി ശീലമാക്കേണ്ട; ഈ പ്രശ്നങ്ങളുള്ളവർ ഒഴിവാക്കണം!
കാപ്പി എല്ലാവരുടെയും ശരീരത്തിന് ഒരേപോലെ നല്ലതാവണമെന്നില്ല
ഒട്ടുമിക്ക പേർക്കും ചായയേക്കാൾ ഇഷ്ടം കട്ടൻ കാപ്പിയായിരിക്കും. കാപ്പി മിതമായി കുടിക്കുന്നതിലൂടെ ഊർജം നിലനിർത്താനും ഫാറ്റി ലിവറിന്റെ സാധ്യത കുറയ്ക്കാനും സാധിക്കുമെങ്കിലും എല്ലാവരുടെയും ശരീരത്തിന് ഒരേപോലെ നല്ലതാവണമെന്നില്ല. കാപ്പി നല്ലതല്ലെന്ന് മനസ്സിലാക്കാൻ ശരീരത്തിൽ വരുന്ന ചില മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. നിരന്തരമായ അസിഡിറ്റിയും വയറ്റിലെ അസ്വസ്ഥതകളും
വയറ്റിലെ ആസിഡിന്റെ ഉത്പാദനം വർധിപ്പിക്കാൻ കട്ടൻ കാപ്പി കാരണമാകും. ദഹനപ്രശ്നത്തിന്റെ ഭാഗമായി വയറ്റിൽ ഗ്യാസ് നിറയുന്ന പ്രശ്നങ്ങൾ പലർക്കുമുണ്ടാകാറുണ്ട്. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ നെഞ്ചെരിച്ചിൽ, വയറുവീർപ്പ്, ഓക്കാനം, വയറുവേദന എന്നിവ ഉണ്ടാകുന്നുണ്ടെങ്കിൽ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.
2. കാരണമില്ലാത്ത ഉത്കണ്ഠയും അസ്വസ്ഥതയും
കാരണമില്ലാത്ത ഉത്കണ്ഠയും അസ്വസ്ഥതയും മറ്റും ഇന്ന് പലരിലും കാണുന്നതാണ്. എന്നാൽ ഇത് കാപ്പികുടിക്കുന്നത് കൊണ്ടും വരാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതായത്, കാപ്പിയിലെ കഫീൻ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നുണ്ട്. ഇത് സെൻസിറ്റീവായ ആളുകളിൽ ഉത്കണ്ഠ, അസ്വസ്ഥത, പെട്ടെന്നുള്ള ദേഷ്യം, ഹൃദയമിടിപ്പ് വർധിക്കൽ എന്നിവയ്ക്ക് വഴിവച്ചേക്കാം. പലപ്പോഴും ജോലിയുടെ സമ്മർദമായി നമ്മൾ തെറ്റിധരിക്കുന്ന ഈ ലക്ഷണങ്ങൾക്ക് പിന്നിൽ കാപ്പിയാകാം കാരണം.
3. ഉറക്കക്കുറവും അസ്വസ്ഥമായ ഉറക്കവും
ഉറക്കക്കുറവും സ്ട്രെസ്സുമെല്ലാം ജോലി കാരണവും മറ്റ് വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെല്ലാം പലരിലും വരാറുണ്ട്. എന്നാൽ ഇതിന് ചില സമയങ്ങളിൽ നിങ്ങൾ കുടിക്കുന്ന കാപ്പിയും കാരണമാകാറുണ്ട്. ഉച്ചയ്ക്ക് മുമ്പ് കാപ്പി കുടിച്ചാൽ പോലും അതിന്റെ ഫലം ശരീരത്തിൽ മണിക്കൂറുകളോളം നിലനിൽക്കും. ഇതുവഴി നിങ്ങളുടെ നീണ്ട ഉറക്കത്തെ ബാധിച്ച് രാത്രിയിൽ പലതവണ ഞെട്ടി എഴുന്നേൽക്കാൻ ഇടയാക്കിയേക്കാം. കൂടാതെ എത്ര സമയം ഉറങ്ങിയിട്ടും ഉറക്കം മതിയാവുന്നില്ലെങ്കിലോ ക്ഷീണം കൂടുന്നുണ്ടെങ്കിലോ കാപ്പി ഒരു കാരണമായേക്കാം.
4. തലവേദന, ക്ഷീണം, ഏകാഗ്രതക്കുറവ്
കാപ്പി സ്ഥിരമായി കുടിക്കുന്നവർക്ക് കാപ്പി ഒരു അഡിക്ഷൻ ആയേക്കാം. പതിവായി കുടിക്കുമ്പോൾ ശരീരം കഫീനെ ആശ്രയിക്കാൻ തുടങ്ങുന്നു. കാപ്പി കുടിക്കാതിരുന്നാൽ തലവേദന, ക്ഷീണം, ഏകാഗ്രതക്കുറവ് എന്നിവ അനുഭവപ്പെടാം. ഈ പോയന്റിൽ കാപ്പി അഡിക്ഷനായെന്ന് മനസ്സിലാക്കണം. കാപ്പി കുടിച്ചതിന് ശേഷം ശരീരത്തിൽ ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അളവ് കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്.
(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)