ഭക്ഷണം കഴിച്ച ഉടൻ വയർ വീർക്കുന്നുണ്ടോ? കരൾ നൽകുന്ന മുന്നറിയിപ്പാകാം; ഈ അഞ്ച് ലക്ഷണങ്ങൾ ശ്രദ്ധിക്കാം...
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം 24 ലക്ഷത്തിലധികം ആളുകളാണ് കരൾ രോഗങ്ങൾ തിരിച്ചറിയാൻ കഴിയാതെ മരണപ്പെടുന്നത്
ശരീരത്തിൽ രക്തം ശുദ്ധീകരിക്കുന്നതിലും പ്രോട്ടീനുകൾ നിർമ്മിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്ന ആന്തരീകാവയവങ്ങളിലൊന്നാണ് കരൾ. കരളിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. കരൾ രോഗങ്ങൾ നിശബ്ദമായി വന്ന് പിന്നീട് അധികമാകുകയാണ് പതിവ്. അതിനാൽ വൈകിയുള്ള രോഗനിർണയം പലപ്പോഴും ജീവൻ അപകടത്തിലാക്കുന്നതിന് കാരണമായേക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം 24 ലക്ഷത്തിലധികം ആളുകളാണ് കരൾ രോഗങ്ങൾ തിരിച്ചറിയാൻ കഴിയാതെ മരണപ്പെടുന്നത്. അതിനാൽ കരളിനുണ്ടാകുന്ന തകരാറുകൾ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകിയിരിക്കണം. കരൾ തകരാറിലാകുന്നതിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.
1. വലത് തോളിലെ വേദന
വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി തുടങ്ങി പിന്നീട് അത് വലതു തോളിലേക്ക് പടരുന്ന രീതിയിലുള്ള ഒരു വേദന നിങ്ങൾക്കുണ്ടാകാറുണ്ടോ. എങ്കിൽ അത് ലിവർ ക്യാൻസർ, ഫാറ്റി ലിവർ, അല്ലെങ്കിൽ കരളിലെ നീർക്കെട്ട് എന്നിവയുടെ ലക്ഷണമായേക്കാം. കരളും അതിനെ സംരക്ഷിക്കുന്ന ഡയഫ്രം എന്ന പേശിയും വലത് തോളും ഒരേ നാഡിശൃംഖലയായ ഫ്രെനിക് നാഡി വഴിയാണ് തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് കരളിലെ വീക്കമോ മുഴകളോ തോളിൽ വേദനയായി അനുഭവപ്പെടുന്നത്. ഈ വേദനയോടൊപ്പം വയറു വീർക്കൽ, മഞ്ഞപ്പിത്തം, കടുത്ത തളർച്ച എന്നിവയും ഉണ്ടെങ്കിൽ കൃത്യസമയത്ത് ചികിത്സ തേടിയിരിക്കണം.
2. ചർമ്മത്തിലെ മാറാത്ത ചൊറിച്ചിൽ
കരളിന് തകരാറുകൾ സംഭവിക്കുമ്പോൾ ചർമ്മത്തിലൂടെ അത് മനസിലാക്കാൻ സാധിക്കും. എത്ര മോയിസ്ചറൈസറുകൾ ഉപയോഗിച്ചാലും വിട്ടുമാറാതെ ചർമ്മൽ വരൾച്ചയും ചൊറിച്ചിലും നിലനിൽക്കുന്നുണ്ടെങ്കിൽ അത് കരൾ തരുന്ന മുന്നറിയിപ്പാകാം. കരളിന് പിത്തരസം കൃത്യമായി പുറന്തള്ളാൻ കഴിയാതെ രക്തത്തിൽ പിത്തരസ ലവണങ്ങൾ അടിയുന്നതാണ് ഈ ചൊറിച്ചിലിന് കാരണമാകുന്നത്.
3. രാത്രിയിൽ സ്ഥിരമായി ഉറങ്ങാൻ സാധിക്കാതെ വരുന്നത്
രാത്രിയിൽ, പ്രത്യേകിച്ച് പുലർച്ചെ 1 മണിക്കും 3 മണിക്കും ഇടയിൽ സ്ഥിരമായി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നുണ്ടെങ്കിൽ ഇതും കരൾ നൽകുന്ന മുന്നറിയിപ്പാകാം. കരൾ രോഗങ്ങൾ ശരീരത്തിലെ മെലറ്റോണിൻ ഉൽപ്പാദനത്തെയും ഗ്ലൂക്കോസ് നിയന്ത്രണത്തെയും ബാധിക്കുന്നതിനാലാണ് ഉറക്കത്തെ ബാധിക്കുന്നത്. ഫാറ്റി ലിവർ ബാധിച്ച 60 മുതൽ 80 ശതമാനം ആളുകളിലും ഇത്തരം ഉറക്കമില്ലായ്മ പൊതുവെ ഇന്ന് പതിവായി മാറിയിട്ടുണ്ട്.
4. ഭക്ഷണം കഴിച്ചയുടൻ വയർ വീർക്കൽ
ഭക്ഷണം കഴിച്ച ശേഷം വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി പലർക്കും വേദന വരുന്നത് ഇന്ന് പതിവാണ്. ഇത്തരത്തിലുണ്ടാകുന്ന വേദനയോ വയർ കനക്കുന്ന അനുഭവമോ കരളിന്റെ നീർക്കെട്ട് അല്ലെങ്കിൽ കൊഴുപ്പടിയൽ മൂലമാകാം. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ദഹനം മന്ദഗതിയിലാക്കുക വഴിയാണ് വയർ നിറഞ്ഞതായി തോന്നാൻ കാരണം. കരളിന് ഗുരുതരമായി തകരാറുണ്ടാകുമ്പോൾ വയറ്റിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയ്ക്കും ഇത് കാരണമായേക്കാം.
5. ഭക്ഷണം കഴിച്ചിട്ടും തൃപ്തി വരാതിരിക്കുക അല്ലെങ്കിൽ ഛർദ്ദിക്കാൻ തോന്നുക
കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ തന്നെ നെഞ്ചെരിച്ചിലോ ഛർദ്ദിക്കാനുള്ള തോന്നലോ ഉണ്ടാകുന്നത് കരളിന് കൃത്യമായി പണിയെടുക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് മനസിലാക്കിയിരിക്കണം. പോഷകങ്ങൾ, വിഷാംശങ്ങൾ അഥവാ ടോക്സിനുകളും കരളിന് ശരിയായി ദഹിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് മനസിലാക്കിയിരിക്കണം. ദഹനക്കേടിനൊപ്പം കടുത്ത തളർച്ചയും കണ്ണിലോ ചർമ്മത്തിലോ മഞ്ഞനിറവും കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ശ്രദ്ധിക്കുക, പതിവായുള്ള രക്തപരിശോധനകളിലൂടെയും മറ്റും കരൾ രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കാൻ നമ്മുക്ക് സാധിക്കും.