ആളൊരുക്കമില്ലെന്ന് കരുതി ഐ.എഫ്.എഫ്.കെ ബഹിഷ്കരിക്കില്ല: വി.സി അഭിലാഷ്

ആളൊരുക്കമില്ലെങ്കിലും പ്രളയശേഷം ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തിയ ഐ.എഫ്.എഫ്.കെ മുടങ്ങാതിരുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകൻ വി.സി. അഭിലാഷ്

Update: 2018-12-09 11:31 GMT
Advertising

നടൻ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ആളൊരുക്കം ഇരുപത്തിമൂന്നാമത് ഐ.എഫ്.എഫ്.കെയിൽ പ്രദർശനാനുമതി നേടാത്തതിൽ ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആളൊരുക്കമില്ലെങ്കിലും പ്രളയശേഷം ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തിയ ഐ.എഫ്.എഫ്.കെ മുടങ്ങാതിരുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകൻ വി.സി. അഭിലാഷ് പറഞ്ഞു. ആളൊരുക്കത്തിന് മത്സരവിഭാഗത്തിൽ സ്ഥാനം നേടാനായില്ലെങ്കിലും രണ്ട് മലയാള സിനിമകളടങ്ങുന്ന 14 മത്സര ചിത്രങ്ങൾക്ക് എല്ലാവിധ ആശംസകളും അഭിലാഷ് നേർന്നു.

മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമ എന്ന വിഭാഗത്തിൽ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ചിത്രമാണ് ആളൊരുക്കം. എന്നാൽ അത് താനടക്കമുള്ള ആളൊരുക്കം ടീം സ്വപ്നം പോലും കണ്ടില്ലെന്നും സ്വപ്നം കണ്ടത് ഐ.എഫ്.എഫ്.കെ ആയിരുന്നു എന്നും അഭിലാഷ് വീണ്ടും പറഞ്ഞു. ആ സ്വപ്നം സാഫല്യമാകാത്തതിൽ നിരാശയുണ്ട്. പക്ഷെ, ഐ.എഫ്.എഫ്.കെ കഴിഞ്ഞ 14 വർഷമായി മുടങ്ങാതെ പങ്കെടുക്കുന്ന വ്യക്തിയാണ് താൻ. ആളൊരുക്കമില്ലെന്ന് കരുതി ചലചിത്രമേള ബഹിഷ്കരിക്കാൻ ഒരുക്കമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികൾ ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ആളൊരുക്കം. ഇന്ദ്രൻസ് എന്ന നടൻ അസാമാന്യ പ്രതിഭയുള്ള വ്യക്തിയാണെന്നും അത് കാണിച്ച് കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അഭിലാഷ് പറഞ്ഞു. ഇന്ദ്രൻസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉടലാഴം ഇന്നലെ നിറഞ്ഞ സദസ്സിൽ കൈയ്യടി നേടിയിരുന്നു.

Full View
Tags:    

Similar News