കർണാടകയിൽ ഇക്കുറി ഒന്നിലൊതുങ്ങില്ല; നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ കോൺഗ്രസ്

ജെ.ഡി.എസിനെ കൂടെക്കൂട്ടിയാണ് ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്

Update: 2024-03-17 09:06 GMT
Advertising

രാഷ്ട്രീയത്തിലെ സർപ്രൈസുകൾക്കും സസ്​പെൻസുകൾക്കും ഏറെ  ‘പ്രസിദ്ധിയാർജിച്ച’ സംസ്ഥാനമാണ് കർണാടക. കുതിരക്കച്ചവടവും റിസോർട്ട് രാഷ്ട്രീയവു​മെല്ലാം തെരഞ്ഞെടുപ്പിലെ പതിവ് കാഴ്ചയായി മാറി. ജാതിസമവാക്യങ്ങളും ഏറെ നിർണായകം. കോൺഗ്രസിനും ബി.ജെ.പിക്കും ശക്തമായ വേരുള്ള മണ്ണാണ് കർണാടക. ജെ.ഡി.എസും ശക്തമായി തന്നെ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്.

28 ലോക്സഭാ മണ്ഡലങ്ങളാണ് കർണാടകയിൽ. 2019ൽ 25 സീറ്റും ബി.ജെ.പിയാണ് നേടിയത്. കോൺഗ്രസിന് ഒരു സീറ്റിൽ മാ​ത്രമാണ് വിജയം. ഓരോ സീറ്റ് വീതം ജെ.ഡി.എസിനും ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്രക്കും ലഭിച്ചു. എന്നാൽ, 2023​ലെ ​നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്റെ ബലത്തിലാണ് ഇത്തവണ കോൺഗ്രസ്. നിലവിൽ ആറ് സീറ്റിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞതവണ കോൺഗ്രസിന്റെ മാനം രക്ഷിച്ച ഡി.കെ. സുരേഷ് ബംഗളൂരു റൂറലിൽനിന്ന് മത്സരിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സഹോദരനാണ് ഇദ്ദേഹം. കന്നഡ ചലച്ചിത്ര താരം ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവരാജ് കുമാർ ഷിമോഗയിൽനിന്ന് ജനവിധി തേടും.

അസ്ഥിര ഭരണം മുതലെടുത്ത ബി.ജെ.പി

2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കർണാടകയിൽ ഭരണം അസ്ഥിരമായിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ ആടിയുലയുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വരുന്നത്. ഈ പ്രതിസന്ധി ബി.ജെ.പി മുതലെടുക്കുയും ചെയ്തു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുമായി ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 78 ഉം ജനതാദൾ എസിന് 37 ഉം സീറ്റുകൾ ലഭിച്ചു. 222 സീറ്റുകളുള്ള കർണാടകയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകൾ. കോൺഗ്രസും ജെ.ഡി.എസും ചേർന്ന് സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു. ജെ.ഡി.എസിന്റെ എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നും കോൺഗ്രസ് സമ്മതിച്ചു.

എന്നാൽ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസും ജെ.ഡി.എസും സുപ്രീംകോടതിയെ സമീപിച്ചു. പക്ഷെ, ബി.ജെ.പിയോട് സർക്കാർ രൂപീകരിച്ച് വിശ്വാസ വോട്ട് തേടാനായിരുന്നു നിർദേശം.

ഭരണത്തിലേറാൻ ആവശ്യമുള്ള പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിശ്വാസ വോട്ടിന് 10 മിനിറ്റ് മുമ്പ് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ രാജിവെച്ചു. തുടർന്ന് കോൺഗ്രസും ജെ.ഡി.എസും ചേർന്ന് സർക്കാർ രൂപീകരിച്ചു. കുമാരസ്വാമി മുഖ്യമന്ത്രിയുമായി.

ഈ സഖ്യസർക്കാറിന് 14 മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരിന്നുള്ളൂ. സഖ്യത്തിലുള്ള 16 പേർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ബി.ജെ.പി ജയിക്കുകയും കുമാരസ്വാമി രാജിവെക്കുകയും ചെയ്തു. 2019 ജൂലൈ 26ന് ബി.എസ്. യെദിയൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു.

ഈ സംഭവവികാസങ്ങൾ അരങ്ങേറുന്നതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസും ജെ.ഡി.എസും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തു. പലയിടത്തും നേതാക്കളും പ്രവർത്തകരുമെല്ലാം പരസ്യമായി ഉടക്കി. സ്വന്തം മുന്നണിയിലെ സ്ഥാനാർഥികളെ തോൽപ്പിക്കാൻ പരസ്പരം മത്സരിച്ചു.

ഇതിന്റെ നേട്ടം പൂർണമായും ലഭിച്ചത് ബി.ജെ.പിക്കായിരുന്നു. 27 സീറ്റിൽ മത്സരിച്ച ബി.ജെ.പി 25 ഇടങ്ങളിലും ജയിച്ചു. 21 സീറ്റിൽ മത്സരിച്ച കോൺഗ്രസിനും ഏഴിടത്ത് മത്സരിച്ച ജനതാദൾ എസിനും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. നിവലിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ ഗുൽബർഗയിലും ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ തുംകൂരിലും പരാജയമേറ്റുവാങ്ങി.

കോൺഗ്രസിന്റെ തിരിച്ചുവരവ്

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നു. 224 സീറ്റിൽ 135 സീറ്റും നേടിയായിരുന്നു കോൺഗ്രസിന്റെ വിജയഗാഥ. 1989ന് ശേഷം കോൺഗ്രസിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ബി.ജെ.പിക്ക് 66ഉം ജനതാദൾ എസിന് 19ഉം സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

ഈയൊരു മുൻതൂക്കവുമായിട്ടാണ് ഇത്തവണ കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ, ജെ.ഡി.എസിനെ എൻ.ഡി.എയുടെ ഭാഗമാക്കി കോൺഗ്രസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. തെക്കൻ കർണാടകയിൽ ജെ.ഡി.എസിന് ഏറെ സ്വാധീനമുള്ള മണ്ണാണ്. പ്രത്യേകിച്ച് വൊക്കലിഗ സമുദായത്തിനിടയിൽ.

നിലവിലെ കോൺഗ്രസ് എം.പി ഡി.കെ.സുരേഷിനെതിരെ ബംഗളൂരു റൂറലിൽ മികച്ച സ്ഥാനാർഥിയെ ​തന്നെ നിർത്തുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്. ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥിനെ ഇവിടെ താമര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സാധ്യത.

അഞ്ച് സീറ്റാണ് ബി.ജെ.പി ജെ.ഡി.എസിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഹാസ്സൻ, മാണ്ഡ്യ, കോലാർ, ബംഗളൂരു റൂറൽ, തുംകൂർ എന്നിവയാണ് അവ. ഹാസ്സനിൽ നിലവിൽ ജെ.ഡി.എസിലെ ​പ്രജ്‍വാൽ രേവണ്ണയാണ് എം.പി. മാണ്ഡ്യയിൽ സിറ്റിങ് എം.പി സുമലത അംബരീഷിനെ വീണ്ടും ബി.ജെ.പി പിന്തുണക്കുമോ എന്നറിയേണ്ടതുണ്ട്. ജെ.ഡി.എസിന്റെ പ്രധാന മണ്ഡലമാണിത്. കോൺഗ്രസ് ഇവിവെ വെങ്കടരാമ ഗൗഡയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ഇതുവരെയും ബി.ജെ.പിയും ജെ.ഡി.എസും കർണാടകയിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും തെരഞ്ഞെടുപ്പ് ചൂടിന് ഒട്ടും കുറവില്ല. ബംഗളൂരുവിലെ ജലക്ഷാമം, രാമേശ്വരം കഫേയിലെ സ്ഫോടനം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇപ്പോൾ തന്നെ ബി.ജെ.പി പ്രചാരണ ആയുധമാക്കി മാറ്റിയിട്ടുണ്ട്. അതേസമയം, ഭരണഘടന തിരുത്തിയെഴുതുമെന്ന ഉത്തര കന്നഡയിലെ ബി.ജെ.പി എം.പി അനന്ത കുമാർ ഹെഗ്ഡെയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. വിവാദത്തിലകപ്പെട്ട ഹെഗ്ഡെക്ക് ബി.ജെ.പി വീണ്ടും സീറ്റ് നൽകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി നേതാക്കളാണ് ബി.ജെ.പിയിൽനിന്ന് കോൺഗ്രസിൽ ചേരുന്നത്. ഇത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. കൂടാതെ അഭിപ്രായ സർവേകളിലും കോൺഗ്രസ് മുന്നിലാണ്.

ജാതിസമവാക്യങ്ങൾ

കർണാടകയിലെ നിർണായക ശക്തിയാണ് വിവിധ ജാതികൾ. ബി.​ജെ.​പി​യു​ടെ വോ​ട്ടു​ബാ​ങ്കാ​യ ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ലടക്കം കാര്യമായ സ്വാധീനം ചെലുത്തിയാണ് കോൺ​ഗ്രസ് 2023ലെ തെരഞ്ഞെടുപ്പ് വിജയിച്ചത്. അതേസമയം, ലിംഗായത്ത് നേതാവായ ജഗദീഷ് ഷെട്ടാർ വീണ്ടും ബി.ജെ.പിയിലെത്തിയത് കോൺഗ്രസിന് ക്ഷീണമാകാൻ സാധ്യതയുണ്ട്. വടക്കൻ കർണാടകയാണ് ലിംഗായത്തുകളുടെ സ്വാധീന മേഖല.

ദക്ഷിണ കർണാടകയിൽ വൊക്കലിഗ സമുദായത്തിനാണ് കൂടുതൽ പ്രാതിനിധ്യമുള്ളത്. കോൺഗ്രസിനും ജനതാദൾ എസിനുമാണ് ഇവർക്കിടയിൽ കൂടുതൽ സ്വാധീനം. ഈ രണ്ട് സമുദായത്തിൽനിന്നുള്ളവരെയാണ് മൂന്ന് പാർട്ടികളും കൂടുതൽ സ്ഥാനാർഥികളെ നിശ്ചയിക്കാറ്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലിംഗായത്ത് സമുദായത്തിൽനിന്ന് കോൺഗ്രസ് 46ഉം ജെ.ഡി.എസ് 43ഉം സ്ഥാനാർഥികളെ നിർത്തിയപ്പോൾ 68 പേരെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. വൊക്കലിഗ സമുദായത്തിൽനിന്ന് കോൺഗ്രസും ബി.ജെ.പിയും 42 വീതം പേരെയും ജെ.ഡി.എസ് 54 പേരെയും മത്സരിപ്പിച്ചു.

അതേസമയം, 2018ൽ നടന്ന ജാതി സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 19.5 ശതമാനം പേരും പട്ടിക ജാതിക്കാരാണെന്നാണ് വിവരം. മുസ്‍ലിംകൾ 16 ശതമാനമുണ്ട്. ലിംഗായത്ത് 14ഉം ​വൊക്കലിഗ സമുദായക്കാർ 11 ശതമാനവുമാണ്. കുറുമ്പ സമുദായം ഏഴ് ശതമാനമുണ്ട്. ഒ.ബി.സി വിഭാഗക്കാരുടെ ശതമാനം 20 ആണ്. അതേസമയം, ഈ റിപ്പോർട്ട് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ലിംഗായത്തിനും വൊക്കലിഗക്കും ഒഴികെ മറ്റു സമുദായങ്ങൾക്ക് അവരുടെ ജനസംഖ്യക്ക് അനുസൃതമായി പ്രാതിനിധ്യം തെരഞ്ഞെടുപ്പുകളിൽ ലഭിക്കാറില്ല എന്നതാണ് വസ്തുത.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - വി.കെ. ഷമീം

Senior Web Journalist

Similar News