'മുൻകാമുകി സോമി അല്ല, സൽമാൻ ഖാൻ മാപ്പ് പറയട്ടെ, എന്നാൽ പരിഗണിക്കാം': കൃഷ്ണമൃഗ വേട്ടയിൽ ബിഷ്‌ണോയ് സമുദായം

സൽമാൻ ഖാൻ ക്ഷേത്രത്തിൽ വന്ന്, ചെയ്ത തെറ്റിന് ക്ഷമ ചോദിക്കണം, ഭാവിയിൽ ഒരിക്കലും ഇത്തരം തെറ്റ് ചെയ്യില്ലെന്ന പ്രതിജ്ഞയെടുക്കണമെന്നും ബിഷ്‌ണോയ് സമുദായം

Update: 2024-05-14 05:57 GMT
Editor : rishad | By : Web Desk
സല്‍മാന്‍ ഖാന്‍- സോമി അലി- സല്‍മാന്‍ ഖാന്റെ വസതി

ജയ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവം വിട്ടൊഴിയാതെ പിന്തുടരുകയാണ് ബോളിവുഡ് നടൻ സൽമാൻ ഖാനെ. താരത്തിന്റെ മുംബൈയിലെ ഗ്യാലക്‌സി അപാർട്‌മെന്റിന് നേരെ നടന്ന വെടിവെപ്പാണ് ഈ സംഭവവുമായി ബന്ധപ്പെട്ട അവസാനത്തേത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്ന ബിഷ്‌ണോയ് സംഘം അടങ്ങിയ മട്ടല്ല.

വീട്ടിൽ കയറി വെടിവെപ്പ് നടത്തും എന്നൊക്കെയാണ് അവര്‍ വെല്ലുവിളിക്കുന്നത്. ഇപ്പോഴിതാ ആ വിവാദ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ മുൻ കാമുകി സോമി അലി രംഗത്ത് എത്തിയിരിക്കുന്നു. സൽമാൻ ഖാന്റെ പേരിൽ ബിഷ്‌ണോയ് സമുദായത്തോട് മാപ്പുപറഞ്ഞാണ് സോമി അലിയുടെ രംഗപ്രവേശം. എന്നാൽ മുൻകാമുകിയല്ല മാപ്പ് പറയേണ്ടതെന്നും സൽമാൻ ഖാൻ മാപ്പ് പറഞ്ഞാൽ പരിഗണിക്കാമെന്നുമായിരുന്നു ബിഷ്‌ണോയ് സമുദായത്തിന്റെ പ്രതികരണം.ആൾ ഇന്ത്യ ബിഷ്‌ണോയ് കമ്യൂണിറ്റി പ്രസിഡന്റ് ദേവേന്ദ്ര ബുദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Advertising
Advertising

1998 സെപ്തംബറിൽ സൂരജ് ബർജാത്യയുടെ ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ ജോധ്പൂരിനടുത്തുള്ള മതാനിയയിലെ ബവാദിൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് സൽമാൻ ഖാനെതിരെയുള്ള ആരോപണം.

സൽമാൻ ഖാനോട് ക്ഷമിക്കണമെന്നാണ് സോമി അലി ബിഷ്‌ണോയി സമൂഹത്തോട് അഭ്യർത്ഥിച്ചത്. “തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു; സൽമാന്‍ ഖാനായാലും സാധാരണക്കാരനായാലും ഒരാളുടെ ജീവനെടുക്കുന്നത് സ്വീകാര്യമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം സോമി അലിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ദേവേന്ദ്ര ബുദിയ പറഞ്ഞത്, തെറ്റ് ചെയ്തത് സല്‍മാന്‍ ഖാനാണെന്നും മാപ്പ് പറയേണ്ടത് അവരാണെന്നുമായിരുന്നു. “സൽമാൻ ഖാന്‍ മാപ്പ് പറഞ്ഞാൽ, ബിഷ്‌ണോയ് സമൂഹം അത് പരിഗണിക്കും. സോമി അലിയല്ല തെറ്റ് ചെയ്തത്. സൽമാൻ ഖാനാണ് അത് ചെയ്തത് . അതിനാൽ, മാപ്പ് പറയേണ്ടത് സല്‍മാന്‍ ഖാനാണ്- ബുദിയ പറഞ്ഞു.

“സല്‍‌മാന്‍ ഖാന്‍ ക്ഷേത്രത്തിൽ വന്ന് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കണം. ഭാവിയിൽ ഒരിക്കലും ഇത്തരം തെറ്റ് ചെയ്യില്ലെന്നും വന്യമൃഗങ്ങളെയും പരിസ്ഥിതിയേയും സംരക്ഷിക്കാന്‍ എപ്പോഴും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. ഇങ്ങനെ ചെയ്താല്‍ മാപ്പ് നല്‍കുന്ന കാര്യം സമുദായം പരിഗണിക്കും''- ബുദിയ കൂട്ടിച്ചേര്‍ത്തു.

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ സൽമാൻ ഖാനൊപ്പം നടന്മാരായ തബു, സൊണാലി ബേന്ദ്രെ, നീലം കോത്താരി എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. 2018ൽ കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനെ അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചു. കഴിഞ്ഞ ഏപ്രിൽ 14നാണ് സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ രണ്ട് അക്രമികൾ വെടിയുതിർത്തത്.

ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയാണ് ഈ ഗൂഢാലോചന നടത്തിയതെന്നാണ് കരുതപ്പെടുന്നത്. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവര്‍ കണക്കാക്കുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News