'തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നത് ഗൗരവമായി കാണണം'; വിമർശനവുമായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ

വിദ്വേഷ പരാമർശം നടത്തുന്ന സ്ഥാനാർഥികളെ അയോഗ്യരാക്കുന്ന രീതിയിൽ പെരുമാറ്റച്ചട്ടം പരിഷ്‌ക്കരിക്കണമെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എസ് കൃഷ്ണമൂർത്തി ആവശ്യപ്പെട്ടു.

Update: 2024-05-25 14:24 GMT
Advertising

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെ കമ്മീഷന്റെ നടപടികളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ. 2012ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സുവർണക്ഷേത്രം സന്ദർശിക്കാൻ കമ്മീഷന്റെ അനുമതി തേടിയിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ പൂർണമായും മാറിപ്പോയെന്നാണ് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പറയുന്നത്. ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമർശത്തിൽ കമ്മീഷൻ സ്വീകരിച്ച നടപടിയിൽ വീഴ്ചയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 21ന് ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും കൊടുക്കുമെന്ന മുസ്‌ലിം വിരുദ്ധ വംശീയ പരാമർശം പ്രധാനമന്ത്രി നടത്തിയത്. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നെങ്കിലും നാല് ദിവസം കഴിഞ്ഞാണ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. എപ്രിൽ 25ന് ബി.ജെ.പിക്കും ഭരണപക്ഷത്തിന്റെ പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്കും നോട്ടീസ് നൽകി. മോദിയുടെയോ രാഹുലിന്റെയോ പേര് നോട്ടീസിൽ പരാമർശിച്ചിരുന്നില്ല. താരപ്രചാരകരുടെ പരാമർശങ്ങളിൽ വിശദീകരണം നൽകണമെന്നായിരുന്നു പാർട്ടി അധ്യക്ഷൻമാർക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രധാനമന്ത്രിയെ മൂന്ന് ദിവസത്തേക്ക് പ്രചാരണം നടത്തുന്നതിൽനിന്ന് വിലക്കിയിരുന്നെങ്കിൽ അതൊരു നല്ല നീക്കമാവുമായിരുന്നുവെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.വൈ ഖുറൈഷി പറഞ്ഞു. താൻ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നപ്പോൾ വിദ്വേഷ പരാമർശം നടത്തിയതിന് നാല് മന്ത്രിമാർക്കെതിരെ നടപടിയെടുത്തിരുന്നു. അന്നത്തെ സർക്കാർ അതിനോട് പ്രതികൂലമായി പ്രതികരിച്ചില്ലെന്നും അദ്ദേഹം ഓർമിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥൻമാരല്ല, അവർ ഭരണഘടനാ സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവരാണ്. പാർലമെന്റ് പാസാക്കിയ നിയമങ്ങളുടെയും ഭരണഘടനാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് അവർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനാ ശക്തമായ നട്ടെല്ല് നൽകിയ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് എസ്.വൈ ഖുറൈഷി പറഞ്ഞു. അധികാരം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അവർ അറിഞ്ഞിരിക്കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അമ്പയറാണ്, അത് ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഖുറൈഷി പറഞ്ഞു.

വിദ്വേഷ പരാമർശം നടത്തുന്ന സ്ഥാനാർഥികളെ അയോഗ്യരാക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരിഷ്‌ക്കരിക്കണമെന്ന് മുൻ കമ്മീഷണറായ ടി.എസ് കൃഷ്ണമൂർത്തി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വലിയ വിമർശനം നേരിടുന്നുണ്ട്. അത് തുടർന്നുപോകുന്നത് ശരിയല്ല. സംഘർഷത്തിനും വിദ്വേഷ പരാമർശത്തിനും രാഷ്ട്രീയപ്പാർട്ടികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന രീതിയിലുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News