അടുത്ത വർഷം ജി7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിക്കുമോ? ട്രൂഡോയുടെ മറുപടിയിങ്ങനെ...

  • കാനഡയാണ് അടുത്ത വർഷം ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുക

Update: 2024-06-16 15:16 GMT

അപുലിയ: അടുത്ത വർഷം ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയാണ് അടുത്ത വർഷം ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുക. അധ്യക്ഷപദത്തിലെത്തിയാലേ കൂടുതൽ കാര്യങ്ങളെ കുറിച്ച് പറയാനാകൂ എന്നും ജി7 പങ്കാളികളുമായി പ്രവർത്തിക്കുന്നതിന് കാത്തിരിക്കുകയാണെന്നുമായിരുന്നു ട്രൂഡോയുടെ മറുപടി.

"കാനഡക്കാർ ഏറെ ഉറ്റുനോക്കുന്ന ഉച്ചകോടിയാണ് അടുത്ത വർഷത്തേത്. അതിലേക്കുള്ള പ്രതീക്ഷകളൊക്കെയും എനിക്ക് മനസ്സിലാക്കാം. ഇറ്റലിയുടെ അധ്യക്ഷപദം ഈ വർഷം മുഴുവൻ തുടരും. ഈ വർഷം ചർച്ച ചെയ്ത എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിന് ഇറ്റലിയുടെ പ്രധാനമന്ത്രി മെലോണിയ്ക്കും മറ്റ് ജി7 അംഗങ്ങൾക്കുമൊപ്പം പ്രവർത്തിക്കുന്നതിന് കാത്തിരിക്കുകയാണ്". ട്രൂഡോ വ്യക്തമാക്കി.

Advertising
Advertising

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം ആദ്യമായി ജി7 ഉച്ചകോടിയിലാണ് മോദിയും ട്രൂഡോയും കൂടിക്കാഴ്ച നടത്തുന്നത്. വെള്ളിയാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിപ്പോൾ അടുത്ത വർഷം മോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് ട്രൂഡോയിൽ നിന്ന് എങ്ങും തൊടാതെയുള്ള മറുപടി.

ഇറ്റലിയാണ് നിലവിൽ ജി7 അധ്യക്ഷപദത്തിലുള്ളത്. അടുത്ത വർഷത്തെ അധ്യക്ഷരായി കാനഡയെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. കാനഡയിലെ കനാൻസ്‌കിലാണ് 2025ലെ ജി7 ഉച്ചകോടി നടക്കുക.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News