ചിരി നന്നാക്കാൻ ചികിത്സ തേടിയ പ്രതിശ്രുത വരൻ മരിച്ചു

ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു

Update: 2024-02-20 12:33 GMT

ഹൈദരാബാദ്: ചിരി കൂടുതൽ മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ പ്രതിശ്രുത വരൻ മരിച്ചു. ഹൈദരാബാദിലെ ദന്താശുപത്രിയിലാണ് ചികിത്സക്കിടെ ലക്ഷ്മി നാരായൺ എന്ന 28 കാരന് ജീവൻ നഷ്ടമായത്.

വിവാഹ ഒരുക്കത്തിനിടയിലാണ് ചിരി കൂടുതൽ നന്നാക്കാൻ സർജറിക്ക് വിധേയനാകാൻ നാരായൺ തീരുമാനിച്ചത്. സർജറിയുടെ ഭാഗമായി അമിതമായി അനസ്തേഷ്യ നൽകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ​ആരോപിച്ചു. സ്മൈൽ ഡിസൈനിങ് പ്രൊസീജറിന് വിധേയനാകാൻ ഒരു ക്ലിനിക്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലക്ഷ്മി നാരായണൻ വീട്ടിൽ നിന്ന് ​പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.

എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും മകനെ കാണാത്തതി​നെ തുടർന്ന് പിതാവ് ഫോണിൽ വിളിച്ചപ്പോൾ ആശുപത്രി ജീവനക്കാരാണ് കാൾ അറ്റന്റ് ചെയ്തത്. ചികിത്സക്കിടയിൽ മകൻ അബോധാവസ്ഥയിലായെന്ന വിവരം ബന്ധുക്കൾ അറിയുന്നത് അപ്പോഴാണ്. നാരായണനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പരാതിയെ തുടർന്ന് ആശുപത്രിയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News