സ്വർണം പണയം വച്ച് ഇന്ത്യക്കാർ വായ്പയെടുത്തത് 65,630 കോടി; കോവിഡിലെ മറ്റൊരു ദുരിതക്കാഴ്ച

പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ മാർഗമില്ലാതെ ജനങ്ങൾ

Update: 2022-01-30 09:57 GMT
Advertising

കോവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ ലോകത്തെ മുഴുവൻ ജനങ്ങളുടെയും ജീവിതം അടിമുടി താളം തെറ്റിത്തുടങ്ങിയിരുന്നു. കോടിക്കണക്കിന് പേരുടെ ജോലി നഷ്ടപ്പെട്ടു. വരുമാനമാർഗം നിലച്ചു. മുന്നോട്ട് എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ എത്രയോ കുടുംബങ്ങൾ ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തു. കോവിഡ് മനുഷ്യജീവിതത്തിലുണ്ടാക്കിയ  ആഘാതം ചെറുതൊന്നുമല്ല എന്നതാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിനിടയിലാണ് പണയം വെച്ച സ്വർണം തിരികെയെടുക്കാനാളില്ലാത്തതിനാൽ മുത്തൂറ്റ് അഞ്ച് പേജുകളിൽ ലേലപരസ്യം ചെയ്തത് നാം കണ്ടത്. കോവിഡ് കാലത്ത് സാധാരണക്കാർ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു ഇത്. എട്ട് ബ്രാഞ്ചുകളിൽ മാത്രമായി ഉടമസ്ഥർ 'ഉപേക്ഷിച്ച' 33,000-ലേറെ ആഭരണങ്ങളാണ് മുത്തൂറ്റ് ലേലം ചെയ്യാനൊരുങ്ങിയത്.

ഏക വഴിയായി സ്വർണപണയം

കോവിഡ് കാലത്ത് സ്വർണം പണയം വെച്ച് ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായതെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നത്. 2019 നവംബർ 22 ന് ഇത് 29,514 കോടി രൂപയായിരുന്നു സ്വർണപണയം വഴി ലോണെടുത്തിരുന്നതെങ്കിൽ 2020 മാർച്ച് 27ന് ഇത് 33,451 കോടി രൂപയായി ഉയർന്നു. 2021 നവംബർ 19നായപ്പോഴേക്കും മൂന്നിരട്ടയിലധികം വർധിച്ച് 65,630 കോടി രൂപയായി. കഴിഞ്ഞ ഒരുവർഷത്തിനിടെയാണ് സ്വർണപണയം വെക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായത്.

ആർ.ബി.ഐ കണക്ക് പ്രകാരം കോവിഡ് സമയത്ത് സ്വർണം പണയം വെച്ച് എടുത്ത ലോണുകൾ; കടപ്പാട്: ഔട്ട്‌ലുക്ക് ഇന്ത്യ

വീട്ടിലെ ചെലവുകൾ നടത്തുന്നത് ഉൾപ്പെടെ പുതിയ വരുമാന മാർഗം കാണാൻ വരെ ആളുകൾ സ്വർണം പണയം വെക്കാൻ തുടങ്ങി. ചെറിയ ചെറിയ ബിസിനസുകൾ ചെയ്തുകൊണ്ടിരുന്നവരും കച്ചവടം മോശമായതിനാൽ പണം കണ്ടെത്താൻ പണയം വെക്കാൻ നിർബന്ധിതരായി. കോവിഡ് മഹാമാരിയും അതോടൊപ്പം നടപ്പാക്കിയ ലോക് ഡൗണുകളും നിയന്ത്രണവും ജിഎസ്ടി കാര്യക്ഷമമല്ലാത്ത രീതിയിൽ നടപ്പാക്കിയതിന്റെ ആഘാതവുമെല്ലാം ഇടത്തരം സംരഭകരെ കൂടുതലായി ബാധിച്ചിരുന്നു.

നേട്ടമുണ്ടാക്കിയത് ഫിനാൻസ് കമ്പനികൾ

2020 ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു. ആ സമയത്ത് സ്വർണ്ണ വായ്പനൽകുന്ന ഫിനാൻസ് കമ്പനികൾക്ക് അവരുടെ ബിസിനസും വൻ തോതിൽ വർധിച്ചിരുന്നതായി മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് ഔട്ട്ലുക്ക് ബിസിനസ്സിനോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയ മുന്നേറ്റം ഈ വർഷവും നിലനിൽക്കാൻ സാധ്യതയുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ 15 ശതമാനം ഗോൾഡ് ലോൺ ബുക്ക് വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിന്റെ മറുവശം നോക്കുമ്പോൾ വായ്പ എടുത്ത ഭൂരിഭാഗം പേർക്കും അത് കൃത്യമായി തിരിച്ചടക്കാൻ സാധിച്ചില്ലെന്നതാണ് വാസ്തവം. അതിന് തെളിവായിരുന്നു മൂത്തൂറ്റിന്റെ ലേല പരസ്യം. ഐ.ഐ.എഫ് .എൽ ഫിനാൻസ് ഏതാണ്ട് അതേ സമയത്ത് സമാനമായ ലേലപരസ്യം പ്രസിദ്ധീകരിച്ചിരുന്നു.


സ്വർണം വീട്ടിൽ വെച്ചിട്ടെന്തിനാ.....

ഇന്ത്യക്കാർക്ക് സ്വർണം സാമ്പത്തിക സുരക്ഷ എന്നതിനേക്കാൾ വൈകാരികമായി അടുപ്പമുള്ള വസ്തുവാണ്.  സ്വർണം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചാലും  പണയം വെച്ച് കടം വാങ്ങാനെല്ലാം പലർക്കും മടിയാണ്.. എന്നാൽ ധാരാളം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ പല കുടുംബങ്ങളും സമ്മർദ്ദത്തിലായി. ജോലി നിലനിർത്താൻ കഴിഞ്ഞവരുടെ ശമ്പളം വെട്ടിക്കുറച്ചു. പിരിച്ചുവിടപ്പെട്ടവർക്ക് മറ്റൊരു ജോലി കിട്ടിയാലും  മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ കുറഞ്ഞ ശമ്പളമാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ അവരുടെ അവസാന ആശ്രയമായത്  സ്വർണമായിരുന്നെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര കുമാർ പന്ത് പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആരോഗ്യ ചെലവുകൾ കൂടിയതിനാൽ മധ്യവർഗ കുടുംബങ്ങളിൽ പലർക്കും അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. രോഗം ബാധിച്ച പലകുടുംബങ്ങളെയും മഹാമാരി ദരിദ്രരാക്കി. ജനസംഖ്യയുടെ ഈ വിഭാഗത്തിലെ ഭൂരിഭാഗം ആളുകളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആണ്. അതിനാൽ അവർക്ക് വരുമാനം നഷ്ടപ്പെടുമ്പോൾ അവർക്ക് പണവും പണലഭ്യതയും ആവശ്യമായി വരും. ഇന്ത്യയിലെ പല വീടുകളും സ്വർണം ഈ മഹാമാരിക്കാലത്ത് ഒരു സുരക്ഷാ സംവിധാനമായെന്നും അദ്ദേഹം പറയുന്നു.

മഹാമാരി രൂക്ഷമായ 2021 ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വൻ ദുരന്തമാണ് സംഭവിച്ചതെന്ന്പീപ്പിൾ റിസർച്ച് എന്ന തിങ്ക് ടാങ്കിന്റെ ഏറ്റവും പുതിയ സർവേ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബങ്ങളുടെ വാർഷിക വരുമാനം 2015-16 ലെ നിലവാരത്തിൽ നിന്ന് 2020-21 ൽ 53 ശതമാനം കുറഞ്ഞതായി കണ്ടെത്തി. അതേ കാലയളവിൽ,  ഏറ്റവും സമ്പന്നരായ 20 ശതമാനം കുടുംബങ്ങളുടെ വരുമാനം 39 ശതമാനം വർധിച്ചതായും സർവേകൾ സൂചിപ്പിക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - പി ലിസ്സി

contributor

Similar News