14 കാരിയായ അതിജീവിതയുടെ ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് പിൻവലിച്ച് സുപ്രിംകോടതി

30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാന്‍ ഏപ്രിൽ 22 ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു

Update: 2024-04-30 08:45 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: പീഡനത്തിന് ഇരയായ 14 കാരിയുടെ ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് പിൻവലിച്ച് സുപ്രിംകോടതി. അതിജീവിതയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാന്‍ ഏപ്രിൽ 22 ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഗർഭഛിദ്രവുമായി മുന്നോട്ട് പോയാൽ പെൺകുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും അതുകൊണ്ട് ഗർഭം അലസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കൾ സുപ്രിംകോടതിയെ അറിയിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്, ചേംബറിൽ അവളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

അതിജീവിതയുടെ താൽപ്പര്യമാണ് പരമപ്രധാനമെന്ന് ചൂണ്ടിക്കാട്ടി ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് പിൻവലിക്കുകയായിരുന്നു. ആശുപത്രി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള ബെഞ്ച് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകിയത്.

ഗർഭഛിദ്രത്തിന് അനുവദിക്കാത്ത ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരെയാണ് പെൺകുട്ടിയുടെ അമ്മ സുപ്രിംകോടതിയിൽ നേരത്തെ ഹരജി നല്‍കിയത്. അതിജീവിതയുടെ ഗര്‍ഭം 30 ആഴ്ച പിന്നിട്ടിരുന്നു. 24 ആഴ്ച പിന്നിട്ടാല്‍ ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്.ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി പറഞ്ഞു. എന്നാല്‍ മകളുടെ ആരോഗ്യസ്ഥിതിയില്‍  പേടിയുണ്ടെന്ന് കാണിച്ചായിരുന്നു സുപ്രിംകോടതി ഉത്തരവ് പിന്‍വലിച്ചത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News