ലൈംഗികാരോപണം; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

ജെഡിഎസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

Update: 2024-04-30 07:46 GMT
Editor : Jaisy Thomas | By : Web Desk

പ്രജ്വല്‍ രേവണ്ണ

Advertising

ബെംഗളൂരു: ലൈംഗികാരോപണക്കേസില്‍ ഉള്‍പ്പെട്ടെ ജെഡി(എസ്) എം.പിയും ഹസന്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായി പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ജെഡിഎസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

“പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ എസ്ഐടിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എസ്ഐടി അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ഞങ്ങളുടെ പാർട്ടി ദേശീയ അധ്യക്ഷനോട് ശിപാർശ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു'' ജെഡിഎസ് കോർ കമ്മിറ്റി പ്രസിഡൻ്റ് ജിടി ദേവഗൗഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



തന്നെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 47 കാരിയായ സ്ത്രീ ഏപ്രിൽ 28ന് ഹോളനർസിപുര എംഎൽഎ എച്ച്ഡി രേവണ്ണയ്ക്കും മകൻ ഹസൻ എംപി പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയും ചെയ്തുവെന്ന ആരോപണം ഉയർന്ന് ദിവസങ്ങൾക്ക് ശേഷമാണ് പരാതി.ഒരു വനിതാ സംഘടന കര്‍ണാടക വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ കേസ് ഏറ്റെടുക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തെഴുതി.ഈ കേസുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷിക്കാൻ അഡീഷണൽ ഡിജി ഐജിപി ബിജെ സിംഗിൻ്റെ നേതൃത്വത്തിൽ കര്‍ണാടക സർക്കാർ ഇപ്പോൾ ഒരു എസ്ഐടി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഹോളനർസിപുര പൊലീസ് പ്രജ്വലിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.

പ്രജ്വല്‍ രേവണ്ണ തൻ്റെ മകളോട് വീഡിയോ കോളിലൂടെ മോശമായി പെരുമാറിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു. പ്രജ്വലിൻ്റെ പിതാവ് എച്ച്‌.ഡി രേവണ്ണയും ഭാര്യ വീട്ടിലില്ലാത്ത സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.ആരോപണങ്ങൾ നിഷേധിച്ച പ്രജ്വൽ, പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്ന് അവകാശപ്പെട്ട് പരാതി നൽകി.വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രജ്വല്‍ ശനിയാഴ്ച രാവിലെ ജർമ്മനിയിലേക്ക് കടന്നിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News