ചൂട് കാരണം വിദ്യാര്‍ഥികള്‍ സ്കൂളിലേക്കെത്തുന്നില്ല; ക്ലാസ് മുറി നീന്തൽകുളമാക്കി അധ്യാപകര്‍-വീഡിയോ വൈറൽ

ചൂട് കൂടിയതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു

Update: 2024-04-30 10:20 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: രാജ്യത്തെങ്ങും ചൂട് കനക്കുകയാണ്. പലയിടത്തും ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ചൂടിൽ നിന്ന് രക്ഷനേടാൻ പലവിധ വഴികൾ തേടുകയാണ് ജനങ്ങൾ. മുതിർന്നവരെപ്പോലെ കുട്ടികളെയും ചൂട് വലിയ രീതിയിൽതന്നെ ബാധിക്കുന്നുണ്ട്. ചൂട് 40 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ ഉത്തർപ്രദേശിലെ കനൗജിലെ ഒരു സ്‌കൂളിൽ ക്ലാസ് മുറികൾ നീന്തൽകുളമാക്കിയിരിക്കുകയാണ് അധ്യാപകർ. കനത്ത ചൂട് കാരണം പല കുട്ടികളും സ്‌കൂളിലേക്ക് വരാൻ മടിച്ചിരുന്നു. മാതാപിതാക്കളും അവരെ വീടിന് പുറത്തിറക്കാൻ ആഗ്രഹിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കാനായി ഈയൊരു ആശയം അധ്യാപകർ കണ്ടെത്തിയത്.

Advertising
Advertising

'കഴിഞ്ഞ ദിവസം മുതല്‍ ചൂട്  40 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇത് സ്‌കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്,' സ്‌കൂൾ പ്രിൻസിപ്പൽ വൈഭവ് രജ്പുത് എൻ.ഡി.ടി.വിയോട് പറഞ്ഞു. കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറിയിൽ കൃത്രിമ നീന്തൽക്കുളമുണ്ടാക്കി. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ കുട്ടികൾ സ്‌കൂളിൽ വരാൻ തുടങ്ങി. വെള്ളത്തിൽ നീന്തിയും കുളിച്ചും അവർ പഠിക്കുന്നു.ചൂടിൽ നിന്ന് മോചനം നേടുന്നതായും പ്രിൻസിപ്പൽ പറയുന്നു. കുട്ടികൾ ക്ലാസ്മുറികളിൽ നീന്തിക്കളിക്കുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അതേസമയം,രാജ്യത്ത് പലയിടത്തും താപനില 45 ഡിഗ്രി സെൽഷ്യസായി ഉയർന്നിരിക്കുകയാണ്.മൂന്നോ ദിവസത്തിനുള്ളിൽ ആന്ധ്രാപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെലങ്കാന, കർണാടക, സിക്കിം സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News