താജ്മഹലിൽ പെരുന്നാള്‍ സ്നേഹം പങ്കിടാനെത്തി ഹിന്ദു സഹോദരങ്ങളും

ആഗ്രയിലെ താജ്മഹൽ കോംപ്ലക്‌സിലെ ഷാഹി മസ്ജിദിലായിരുന്നു പെരുന്നാൾ നിസ്‌കാരം നടന്നത്. പെരുന്നാൾ സ്‌നേഹം പങ്കിടാൻ പ്രദേശത്തെ ഹിന്ദു സഹോദരങ്ങളുമെത്തിയിരുന്നു

Update: 2021-07-22 11:50 GMT
Editor : Shaheer | By : Web Desk
Advertising

ലോകമെങ്ങും ഇസ്ലാംമത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിന്റെ പൊലിവിലാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമപ്പെടുത്തലാണ് ഓരോ വിശ്വാസിക്കും ബലിപെരുന്നാൾ നാളുകൾ; കൂടെ സ്‌നേഹ, സൗഹാർദങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെയും.

അനശ്വരപ്രണയത്തിന്റെ വിശ്വപ്രതീകമായ താജ്മഹലിലും പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾ നടന്നു. താജ്മഹൽ കോംപ്ലക്‌സിലെ ഷാഹി മസ്ജിദിലായിരുന്നു പെരുന്നാൾ നിസ്‌കാരം നടന്നത്. എന്നാൽ, മുസ്‍ലിംകള്‍ മാത്രമായിരുന്നില്ല അവിടെ പെരുന്നാൾ ആഘോഷങ്ങളിൽ ഭാഗമാകാനെത്തിയത്. ബുധനാഴ്ച ഷാഹി മസ്ജിദിൽ പെരുന്നാൾ സ്‌നേഹം പങ്കിടാൻ പ്രദേശത്തെ ഹിന്ദു സഹോദരങ്ങളുമെത്തിയിരുന്നു.

തുടർച്ചയായി ഇതുരണ്ടാം വർഷമാണ് കോവിഡ് മഹാമാരി ഈദിന്റെ പൊലിമകളും ആരവങ്ങളും കവരുന്നത്. പെരുന്നാൾ നിസ്‌കാരത്തിൽ ചുരുങ്ങിയ ആളുകൾക്കു പങ്കെടുക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തങ്ങളുടെ സഹോദരങ്ങളോട് സ്‌നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കാൻ അവരെത്തി. പരസ്പരം ആലിംഗനം ചെയ്തു. നിസ്‌കാരത്തിനുശേഷം എല്ലാവരും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഇടയ്ക്ക് പള്ളി ഇമാമിന് സ്ഥലത്തെ പൂജാരി ഭക്ഷണം വായിൽ വച്ചുകൊടുക്കുന്ന കാഴ്ചയുമുണ്ടായി.


ഇന്ന് മതസൗഹാർദത്തിന്റെ കാഴ്ചകൾക്കാണ് താജ്മഹൽ സാക്ഷിയായതെന്ന് 105കാരനായ ഇമാമുദ്ദീൻ പറയുന്നു. ഈദ് ആഘോഷത്തിന്റെ ഭാഗമായി ഹിന്ദുക്കളും മുസ്‍ലിംകളും പരസ്പരം ആശ്ലേഷിക്കുന്ന കാഴ്ചകൾ ഹൃദയഹാരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


മതസൗഹാർദം ഊട്ടിയുറപ്പിക്കാനായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാനി ബിരാദരിയുടെ നേതൃത്വത്തിലും നിരവധിപേർ താജ്മഹലിൽ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി. ഹിന്ദുക്കളും മുസ്‍ലിംകളും ഒന്നിച്ചുചേർന്ന് പെരുന്നാളും ദീപാവലിയും ആഘോഷിക്കുന്ന കാഴ്ച ഇന്ത്യ എന്ന ആശയത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് ഹിന്ദുസ്ഥാനി ബിരാദരി വൈസ് ചെയർമാൻ വിശാൽ ശർമ പറഞ്ഞു. കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരനേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന ഗണേഷ് ശങ്കർ വിദ്യാർത്ഥിയാണ് ഹിന്ദുസ്ഥാനി ബിരാദരിയുടെ സ്ഥാപകൻ. രാജ്യത്ത് എല്ലാ ജനവിഭാഗങ്ങൾക്കുമിടയിൽ സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാനായി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ഹിന്ദുസ്ഥാനി ബിരാദരിയെന്നും വിശാൽ ശർമ കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News