'അത് മുൻ ഐ.ജി എസ്.എം മുഷ്‌രിഫിന്റെ വെളിപ്പെടുത്തൽ'; കർക്കരെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തരൂരും

2008ലെ മുംബൈ ഭീകരാക്രമണത്തിൽ ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരനാണ് കർക്കരയെ കൊന്നതെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ ആരോപിച്ചിരുന്നു

Update: 2024-05-06 15:51 GMT
Editor : Shaheer | By : Web Desk

വിജയ് വഡേത്തിവാര്‍, ശശി തരൂര്‍

Advertising

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിൽ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ ഉയർത്തിയ ആരോപണങ്ങളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും. മുംബൈ ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) മുൻ മേധാവി ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റാണെന്നായിരുന്നു വഡേത്തിവാറുടെ ആരോപണം. ആരോപണത്തെ കുറിച്ച് അന്വേഷണിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.

''ആരോപണം ഗൗരവത്തോടെ അന്വേഷിക്കണം. അന്വേഷണത്തിന് സമയം വൈകിയിട്ടില്ല. ഇത്രയും സുപ്രധാനമായൊരു വിഷയത്തിൽ എന്താണു സംഭവിച്ചതെന്ന് അറിയാനുള്ള എല്ലാ അവകാശവും രാജ്യത്തിനുണ്ട്. അതീവ ഗുരുതരമായ വിഷയമാണിത്.''-തരൂർ പറഞ്ഞു.

അതേസമയം, ആരോപണം പൂർണമായും ശരിയാണെന്നു താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം അന്വേഷിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കുറച്ചുകാലമായി പൊതുമണ്ഡലത്തിലുള്ള വിഷയമാണ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ഉയർത്തിയത്. മുൻ പൊലീസ് ഐ.ജി എസ്.എം മുഷ്‌രിഫിന്റെ പുസ്തകത്തിൽ ഇതേ ആരോപണമുണ്ട്. കർക്കരെ കൊല്ലപ്പെട്ടത് അജ്മൽ കസബിന്റെ വെടിയേറ്റല്ലെന്നും ഒരു പൊലീസ് തോക്കിൽനിന്നുള്ള വെടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ വിഷയം ഗൗരവമായി ഈ വിഷയം അന്വേഷിക്കേണ്ടതുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

നോർത്ത്-സെൻട്രൽ മുംബൈയിൽ ബി.ജെ.പി സ്ഥാനാർഥിയും മുംബൈ ഭീകരാക്രമണക്കേസിൽ പ്രോസിക്യൂട്ടറുമായ ഉജ്ജ്വൽ നികത്തിനെതിരെ ശശി തരൂർ വിമർശനമുന്നയിക്കുകയും ചെയ്തു. ജയിലിൽ പാകിസ്താൻ ഭീകരനു കഴിക്കാൻ ബിരിയാണി കൊടുത്തെന്നു പ്രചരിപ്പിച്ചയാളാണ് ഇദ്ദേഹം. അയാൾ മോശക്കാരനാണെന്നു വ്യക്തമാക്കുന്ന സംഭവമാണത്. നേരത്തെ തന്നെ ഉജ്ജ്വൽ തന്റെ രാഷ്ട്രീയചായ്‌വ് വെളിപ്പെടുത്തിയിരുന്നെങ്കിൽ അദ്ദേഹം മുൻപ് എടുത്ത പല നിലപാടുകളെയും അത് സ്വാധീനിച്ചിട്ടുണ്ടെന്ന് സംശയിക്കാനുള്ള എല്ലാ ന്യായവുമുണ്ട്. ഈ ആരോപണം ശരിയാണെന്നു പറയുകയല്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ മുംബൈ ഭീകരാക്രമണത്തെ കുറിച്ച് പുതിയ വിവാദത്തിനു തിരികൊളുത്തിയത്. ഭീകരാക്രമണ കേസിൽ പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികത്തെ നോർത്ത്-സെൻട്രൽ മുംബൈയിൽ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വഡേത്തിവാർ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. കർക്കരെയെ കൊന്നത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരനാണെന്നും ഇക്കാര്യം അറിയാമായിരുന്നിട്ടും കോടതിയിൽ ഉജ്ജ്വൽ നികം മറച്ചുവച്ചുവെന്നുമായിരുന്നു വഡേത്തിവാർ പറഞ്ഞത്.

കോൺഗ്രസ് നേതാവിന്റെ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി-ശിവസേന ഷിൻഡെ വിഭാഗം നേതാക്കളും രംഗത്തെത്തി. മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുതൽ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ വരെ രൂക്ഷമായ ഭാഷയിലാണ് വഡേത്തിവാറിന്റെ പരാമർശങ്ങളെ നേരിട്ടത്. ശിവസേന അദ്ദേഹത്തിനെതിരെ അന്വേഷണവും ആവശ്യപ്പെട്ടു.

പരാമർശങ്ങളെ വളച്ചൊടിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെ വഡേത്തിവാർ വിശദീകരണവുമായും രംഗത്തെത്തി. പറഞ്ഞതൊന്നും തന്റെ വാക്കുകളല്ലെന്നും മുൻ മഹാരാഷ്ട്ര ഐ.ജി എസ്.എം മുഷ്‌രിഫിന്റെ പുസ്തകത്തിൽ വ്യക്തമാക്കിയ കാര്യങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. കർക്കരെയ്ക്കു വെടിയേറ്റ ഉണ്ടയെ കുറിച്ചുള്ള വിവരങ്ങളെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ടെന്നും വിജയ് വഡേത്തിവാർ കൂട്ടിച്ചേർത്തു.

Summary: Shashi Tharoor seeks 'serious investigation' into Hemant Karkare's death following Congress leader Vijay Wadettiwar's claim

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News