'ഞാൻ മുഴുസമയ അധ്യക്ഷ'; നിലപാട് വ്യക്തമാക്കി സോണിയ

"നമുക്ക് സ്വതന്ത്രവും ആത്മാർത്ഥവുമായ ചർച്ചകളാകാം. എന്നാൽ ചർച്ച ചെയ്യുന്നത് ഈ നാലു ചുമരുകൾക്കകത്ത് മാത്രമാകണം."

Update: 2021-10-16 07:26 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമേ പാർട്ടിക്ക് പുതിയ അധ്യക്ഷനുണ്ടാകൂ എന്ന സൂചന നല്‍കി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അംഗങ്ങൾ അനുവദിക്കുമെങ്കിൽ പാർട്ടിയുടെ മുഴുസമയ പ്രസിഡണ്ട് എന്ന് സ്വയം വിളിക്കുകയാണ് എന്നും സോണിയ പറഞ്ഞു. പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു അവർ.

'സംഘടന മുഴുവൻ പുനരുജ്ജീവനം ആവശ്യപ്പെടുന്നുണ്ട്. അതിന് ഐക്യം വേണം. പാർട്ടിയുടെ താത്പര്യങ്ങളാണ് പ്രധാനം. എല്ലാറ്റിനുമപ്പുറം സ്വയം നിയന്ത്രണവും അച്ചടക്കവും ആവശ്യമാണ്. ഇടക്കാല അധ്യക്ഷയാണ് ഞാൻ എന്നതിൽ നല്ല ബോധ്യമുണ്ട്. 2021 ജൂൺ 30ന് മുമ്പ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള റോഡ്മാപ്പ് ആയതായിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം മൂലം അതിനായില്ല. ഒരുകാര്യം വിശദമാക്കാൻ ആഗ്രഹിക്കുന്നു. സമ്പൂർണ സംഘടനാ തെരഞ്ഞെടുപ്പു വരും.' - അവർ വ്യക്തമാക്കി. 

'നിങ്ങൾ അനുവദിക്കുമെങ്കില്‍ എന്നെ സ്വയം മുഴുസമയ പാർട്ടി പ്രസിഡണ്ട് എന്നു വിളിച്ചോട്ടെ. രണ്ടു വർഷമായി നിരവധി യുവാക്കൾ നേതൃത്വത്തിലേക്ക് വന്നിട്ടുണ്ട്. കർഷക പ്രതിഷേധമായാലും മഹാമാരിയിലെ സഹായങ്ങൾ ആയാലും യുവാക്കൾ മുമ്പന്തിയിലുണ്ടായിരുന്നു. സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ അവർ ശബ്ദമുയർത്തി. പൊതുജന താത്പര്യമുള്ള ഒരു വിഷയവും പരിഗണിക്കപ്പെടാതെ പോകരുത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും രാഹുൽ ഗാന്ധിയുമായും ഞാൻ ഇക്കാര്യങ്ങൾ എല്ലായ്‌പ്പോഴും ചർച്ച ചെയ്തിരുന്നു. സമാന ചിന്താഗതിയുള്ള രാഷ്ട്രീയപ്പാർട്ടികളുമായും ആശയവിനിമയം നടത്തുന്നു.' - സോണിയ കൂട്ടിച്ചേർത്തു.

'തുറന്നുപറച്ചിലുകളെ ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. എന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ല. നമുക്ക് സ്വതന്ത്രവും ആത്മാർത്ഥവുമായ ചർച്ചകളാകാം. എന്നാൽ ചർച്ച ചെയ്യുന്നത് ഈ നാലു ചുമരുകൾക്കകത്ത് മാത്രമാകണം. അതായിരിക്കണം പ്രവർത്തക സമിതിയുടെ തീരുമാനം' - ജി 23 നേതാക്കളെ പരോക്ഷമായി സൂചിപ്പിച്ച് സോണിയ പറഞ്ഞു.

കർഷക പ്രതിഷേധം, വിലക്കയറ്റം, ഇന്ധനവില വർധന, ജമ്മുകശ്മീരിലെ കൊലപാതകങ്ങൾ, അയൽ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതായിരുന്നു സോണിയയുടെ സംസാരം. 

നേരത്തെ, പാർട്ടിക്ക് മുഴുസമയ പ്രസിഡണ്ട് വേണമെന്ന് കപിൽ സിബൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയ ജി 23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇവർ സോണിയക്ക് കത്തെഴുതുകയും ചെയ്തിരുന്നു. പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങൾക്കിടെ രൂക്ഷമായായാണ് കപിൽ സിബിൽ പ്രതികരിച്ചിരുന്നത്. 'ഞങ്ങളുടെ പാർട്ടിക്ക് മുഴുസമയ പ്രസിഡണ്ടില്ല. ഈ തീരുമാനങ്ങളെല്ലാം ആരാണ് എടുക്കുന്നത് എന്ന് എനിക്കറിയില്ല' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ. ഇതിനു പിന്നാലെയാണ് സോണിയാ ഗാന്ധി വിഷയത്തിൽ നിലപാടു വ്യക്തമാക്കുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News