കുട്ടികൾക്കെതിരായ ഉപദ്രവം: ഇസ്രായേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ യു.എൻ

തീരുമാനത്തിനെതിരെ ഇസ്രായേൽ രംഗത്തുവന്നു

Update: 2024-06-07 17:00 GMT

ന്യൂയോർക്ക്: സംഘർഷ മേഖലകളിൽ കുട്ടികളെ ഉപദ്രവിക്കുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും കരിമ്പട്ടികയിൽ ഇസ്രായേലിനെ ഉൾപ്പെടുത്താൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഇക്കാര്യം വാഷിങ്ടണിലുള്ള ഇസ്രായേൽ സൈന്യത്തിന്റെ അറ്റാഷെ മേജർ ജനറൽ ​ഹേദി സിൽബെർമാനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചതായി ഇസ്രായേൽ നാഷനൽ ന്യൂസ് റിപ്പോർട്ട് ചെയ്തു. റഷ്യ, ഐ.എസ്, അൽ ഖ്വയ്ദ, ബോക്കോ ഹറാം എന്നിവക്കൊപ്പമാണ് ഇസ്രായേലിനെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രായേലിന് മേൽ ലോകരാജ്യങ്ങൾ ആയുധ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

അതേസമയം, ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തിനെതിരെ ഇസ്രായേൽ രംഗത്തുവന്നു. ഹമാസിനെ പിന്തുണക്കുന്നവരോടൊപ്പം ചേർന്നിട്ടുള്ള യു.എൻ തന്നെ കരിമ്പട്ടികയിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ലോകത്തിലെ ഏറ്റവും ധാർമികമായ സേനയാണ് ഇസ്രായേൽ പ്രതിരോധ സേന. അസംബന്ധമായ യു.എൻ തീരുമാനം കാരണം അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ 13,800ഉം വെസ്റ്റ് ബാങ്കിൽ 113ഉം കുട്ടികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ ഗസ്സയിൽ 12,009ഉം വെസ്റ്റ് ബാങ്കിൽ 725ഉം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 1000 കുട്ടികളുടെയെങ്കിലും കാലുകളാണ് പരിക്കേറ്റതിനെ തുടർന്ന് മുറിച്ചുമാറ്റിയത്. കടുത്ത പട്ടിണി കാരണം നിരവധി കുട്ടികളാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News