'ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാൻ രാഹുൽ ഗാന്ധി മടിക്കുന്നതെന്തിന്?'; വിമർശനവുമായി ഗുലാം നബി ആസാദ്

രാഹുൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് പറന്ന് ന്യൂനപക്ഷം ശക്തമായ സ്ഥലത്ത് അഭയം തേടിയിരിക്കുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

Update: 2024-04-18 04:45 GMT
Advertising

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ വിമർശനവുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാൻ രാഹുൽ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കെതിരെയാണ് പോരാട്ടമെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പ്രവൃത്തികൾ അതിന് വിരുദ്ധമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് പറന്ന് ന്യൂനപക്ഷം ശക്തമായ സ്ഥലത്ത് അദ്ദേഹം അഭയം തേടിയിരിക്കുകയാണെന്നും ഉദംപൂരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഗുലാം നബി പറഞ്ഞു.

രാഹുൽ ഗാന്ധിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ലയും രാഷ്ട്രീയക്കാരല്ലെന്നും അവർ 'സ്പൂൺ-ഫെഡ് കിഡ്‌സ്' ആണെന്നും ഗുലാം നബി പരിഹസിച്ചു. ഇരുവരും സ്വന്തമായി ഒന്നും ചെയ്തിട്ടില്ല. ഇന്ദിരാ ഗാന്ധിയേയും ഷെയ്ഖ് അബ്ദുല്ലയേയും പോലെ ത്യാഗങ്ങൾ സഹിച്ചവരല്ല ഇവരെന്നും ഗുലാം നബി പറഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഗുലാം നബി ആസാദ് 2022ലാണ് കോൺഗ്രസ് വിട്ടത്. തുടർന്നാണ് സ്വന്തമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി) രൂപീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി സീറ്റിൽ ആസാദ് മത്സരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പിൻമാറി. ആസാദ് ബി.ജെ.പിയുടെ തിരക്കഥയാണ് നടപ്പാക്കുന്നതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News