റാഖെയിനിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതം ആരംഭിച്ചിട്ട് ഒരു മാസം

Update: 2018-05-27 07:37 GMT
Editor : Ubaid
റാഖെയിനിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതം ആരംഭിച്ചിട്ട് ഒരു മാസം
Advertising

അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുത്തതില്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന പ്രശംസ നേടിയെങ്കിലും കൂടുതല്‍ അന്താരാഷ്ട്ര സഹായം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിലാണ് നയതന്ത്രജ്ഞര്‍

മ്യാന്‍മറിലെ റാഖെയിനില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. സൈനിക നടപടിയെ തുടര്‍ന്ന് നാല് ലക്ഷത്തി മുപ്പതിനായിരത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധി ഒരുമാസം പിന്നിടുമ്പോഴും അതിര്‍ത്തിയിലേക്കെത്തുന്നവരുടെ എണ്ണത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. ഓരോ ദിവസവും നൂറ് കണക്കിന് ആളുകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്. ആഗസ്റ്റ് 25 മുതല്‍ ബംഗ്ലാദേശിലേക്കെത്തിയ നാല് ലക്ഷത്തി മുപ്പതിനായിരം പേര്‍ക്ക് അഭയം നല്‍കുകയെന്ന വലിയ ദൌത്യമാണ് ബംഗ്ലാദേശ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള കടുത്ത സമ്മര്‍ദവും ബംഗ്ലാദേശ് മ്യാന്‍മറിന് മേല്‍ ചുമത്തുന്നുണ്ട്. കോക്സ് ബസാറിലെ ക്യാമ്പില്‍ മാത്രം മൂന്ന് ലക്ഷം റോഹിങ്ക്യകളാണ് ഇപ്പോള്‍ ഉള്ളത്. അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുത്തതില്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന പ്രശംസ നേടിയെങ്കിലും കൂടുതല്‍ അന്താരാഷ്ട്ര സഹായം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിലാണ് നയതന്ത്രജ്ഞര്‍. ബാഗ്ലാദേശിന് ഒറ്റക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കില്ലെന്ന അഭിപ്രായങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇപ്പോള്‍ ക്യാന്പുകളില്‍ പാര്‍ക്കുന്നവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ, മരുന്നോ ലഭിക്കുന്നില്ല. ചെളി നിറഞ്ഞ റോഡുകളിലും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഇവര്‍ക്ക് മാരക രോഗങ്ങള്‍ പടരുമോയെന്ന ആശങ്ക യുഎന്നിനും ഉണ്ട്. പല സന്നദ്ധ സംഘടനകളും ഭക്ഷണവും വെള്ളവും വസ്ത്രവും വിതരണ ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും അവര്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് കുറവ് വരുന്നില്ല. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ റോഹിങ്ക്യന്‍ പ്രശ്നത്തില്‍ എല്ലാവരുടെയും സഹായം വേണമെന്ന് ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ഥികള്‍ക്കായി ഒരു സുരക്ഷിത ഇടം ഒരുക്കണമെന്നും ഹസീന ആവശ്യപ്പെട്ടെങ്കിലും മ്യാന്‍മര്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ആസിയാനില്‍ ഉള്‍പ്പെട്ട മലേഷ്യ, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ് എന്നിവര്‍ ഒരുമിച്ച് നീങ്ങാനാണ് ആലോചിക്കുന്നത്. ചൈനയും ഇന്ത്യയും മ്യാന്‍മറിനെ സ്വാധീനിക്കാന്‍ സാധിക്കുമെങ്കിലും അതിനൊന്നും സാധ്യതയില്ലെന്ന വിലയിരുത്തലും ഉണ്ട്. ഇപ്പോഴും റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്ന നിലപാടിലാണ് മ്യാന്‍മര്‍ അതുകൊണ്ട് തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഈ ജനത നേരിടുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News