നല്‍കിയത് കാലാവധി തീരാറായ വാക്സിന്‍: ഇസ്രായേലുമായുള്ള കരാറില്‍ നിന്ന് ഫലസ്തീന്‍ പിന്മാറി

ഫലസ്തീനില്‍ എത്തിയ 90,000 ഡോസ് വാക്സിന്‍ തിരിച്ചയച്ചു

Update: 2021-06-20 06:08 GMT

കോവിഡ് വാക്സിന്‍ വിതരണത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച കരാറില്‍ നിന്നും ഫലസ്തീന്‍ അതോറിറ്റി പിന്‍വാങ്ങി. 1.4 മില്യന്‍ വാക്‌സിന്‍ ഡോസുകള്‍ ഫലസ്തീന് നല്‍കുമെന്നായിരുന്നു കരാര്‍. കാലാവധി തീരാറായ വാക്സിനുകള്‍ നല്‍കിയതോടെയാണ് ഫലസ്തീന്‍ അതോറിറ്റി  പിന്മാറിയത്.

ഫലസ്തീന്‍ അതോറിറ്റി ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് ഇസ്രായേലിന് തിരികെ നല്‍കണം എന്ന നിബന്ധനയോടെയാണ് 1.4 മില്യന്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായേല്‍ പാലിച്ചില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി വ്യക്തമാക്കി. ഫൈസര്‍ വാക്‌സിനാണ് ഇസ്രായേല്‍ എത്തിച്ചത്. ജൂലൈ, ആഗസ്ത് വരെ കാലാവധിയുള്ള വാക്‌സിന്‍ നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ലഭിച്ചത് ജൂണില്‍ കാലാവധി അവസാനിക്കുന്ന വാക്‌സിന്‍ ഡോസുകളാണ്. ഈ മാസത്തിനുള്ളില്‍ ഇത്രയും വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഈ വാക്സിന്‍ വേണ്ടെന്ന് ഫലസ്തീന്‍ അതോറിറ്റി പറഞ്ഞു. ഫലസ്തീനില്‍ എത്തിയ 90,000 ഡോസ് വാക്സിന്‍ തിരിച്ചയച്ചു. നേരിട്ട് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം.

Advertising
Advertising

ഇസ്രായേല്‍ നേരത്തെ തന്നെ വാക്സിന്‍ വിതരണത്തിന്‍റെ കാര്യത്തില്‍ ഗസ്സയോടും വെസ്റ്റ് ബാങ്കിനോടും വിവേചനം കാണിച്ചിരുന്നു. ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ഇസ്രായേല്‍ വാക്സിന്‍ നല്‍കി. പക്ഷേ വെസ്റ്റ് ബാങ്കിനും ഗസ്സയ്ക്കും ജനസംഖ്യാനുപാതികമായി വാക്സിന്‍ നല്‍കിയില്ല. ഇസ്രായേലില്‍ 55 ശതമാനത്തിലധികം പേര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവിടങ്ങളില്‍ 33 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും നല്‍കിയത്. ഈ വിവേചനം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മാനുഷിക പരിഗണനയുടെ പേര് പറഞ്ഞാണ് കരാറിനെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ കരാര്‍ ലംഘനത്തെ കുറിച്ചോ ഫലസ്തീന്‍ പിന്മാറിയതിനെ കുറിച്ചോ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News