ചൈനയിൽ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു

ഗുജറാത്തിൽ രണ്ടു പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

Update: 2022-12-21 12:55 GMT
Advertising

ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു. മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ വകഭേദമായ ബിഎഫ്. 7 ആണ് സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ രണ്ടു പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ 61കാരിയാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച ഒരാൾ. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 

കോവിഡ് ജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മാസ്ക് ധരിക്കുന്നത് ശീലമാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

ആൾക്കൂട്ടത്തിലും തിരക്കുള്ള സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് ശീലമാക്കാനും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാനുമാണ് പൊതുജനങ്ങളോട് കേന്ദ്ര സർക്കാർ അഭ്യർഥിക്കുന്നത്. നിലവിൽ വിമാന സർവീസുകൾ വെട്ടിച്ചുരുക്കില്ല. കോവിഡ് അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നുമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചൈനയിൽ ഉൾപ്പെടെ കോവിഡ് കേസുകളിൽ പെട്ടെന്ന് വർദ്ധനവുണ്ടായ സാഹചര്യത്തിൽ വൈറസുകളുടെ ജനിതക പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News