അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു

ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ശനിയാഴ്ച ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്

Update: 2019-03-03 02:29 GMT
Advertising

രണ്ടു ദിവസമായി നിലച്ച അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ശനിയാഴ്ച ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കല്‍, അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണമവസാനിപ്പിക്കല്‍ എന്നീ വിഷയങ്ങളിലൂന്നിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

17 വര്‍ഷം നീണ്ട അഫ്ഗാന്‍ യുദ്ധത്തിന് അറുതിവരുത്താന്‍ ലക്ഷ്യമിട്ടാണ് താലിബാനും അമേരിക്കന്‍ ഭരണകൂടവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടന്നിരുന്നില്ല. താലിബാന്‍ സ്ഥാപക നേതാക്കളിലൊരാളായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ ശനിയാഴ്ച ദോഹയിലെത്തിയതോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ചര്‍ച്ചകളില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതില്‍ പ്രസിഡന്റ് അശ്റഫ് ഗനി നയിക്കുന്ന സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കണമെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെട്ടെങ്കിലും താലിബാന്‍ നിരസിക്കുകയായിരുന്നു. അഫ്ഗാനിലേത് അമേരിക്കയുടെ പാവ ഭരണകൂടമാണെന്നാണ് താലിബാന്‍ നിലപാട്. അമേരിക്കയും സഖ്യകക്ഷികളും അടിയന്തരമായി അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്‍ നിലപാട്. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ താലിബാന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയും ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇതുവരെ ഇരുപക്ഷത്തിന്റേയും ആക്രമണങ്ങളില്‍ മുപ്പത്തിരണ്ടായിരം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

Tags:    

Similar News