വീണ്ടും ‘ജസിന്‍ഡമാനിയ’

പാശ്ചാത്യ നാടുകളില്‍ വെള്ളക്കാര്‍ നടത്തുന്ന ആക്രമണങ്ങളെ ‘ലോണ്‍ വോള്‍ഫ് അറ്റാക്ക്’ അഥവാ ഒറ്റപ്പെട്ട ആക്രമണങ്ങളാണെന്നാണ് പൊതുവെ പറയാറുള്ളത്. ആ ശൈലി തിരുത്തിക്കുറിച്ചു ജസിന്‍ഡ

Update: 2019-03-22 13:29 GMT
Advertising

2017ലെ തെരഞ്ഞെടുപ്പ് കാലം. യുവാക്കളെ ലക്ഷ്യമിട്ടുള്ള ശക്തമായ പ്രചാരണം. വിദ്യാഭ്യാസം, പരിസ്ഥിതി, ഭവന പദ്ധതികള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ചിട്ടയായ പ്രചാരണം. ലേബര്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് മുപ്പത്തിയേഴുകാരി ജസിന്‍ഡ ആർഡൻ. ജസിന്‍ഡ പ്രഭാവം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഉറക്കെ പറഞ്ഞു 'ജസിന്‍ഡമാനിയ'.

ഒരിക്കല്‍ കൂടി ലോകം ജസിന്‍ഡമാനിയ ആവര്‍ത്തിക്കുന്നു. ന്യൂസിലാന്റിനെയും ലോകത്തേയും ഒരുപോലെ ഞെട്ടിച്ച് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ തീവ്രവലതുപക്ഷ ഭീകരന്‍ തോക്കുമായി ഓടിക്കയറി. ജുമുഅ നമസ്കാരത്തിനായെത്തിയവരെ വെടിവെച്ച് വീഴ്ത്തി. അന്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂട്ടക്കൊലയാണോ വംശീയ ആക്രമണമാണോ എന്ന് ലോകം സംശയിച്ചപ്പോള്‍, സംശയിക്കേണ്ട ഇത് ഭീകരാക്രമണം തന്നെയാണ് എന്ന് ഉറപ്പിച്ച് പറഞ്ഞ നേതാവ്. പാശ്ചാത്യ നാടുകളില്‍ വെള്ളക്കാര്‍ നടത്തുന്ന ആക്രമണങ്ങളെ ‘ലോണ്‍ വോള്‍ഫ് അറ്റാക്ക്’ അഥവാ ഒറ്റപ്പെട്ട ആക്രമണങ്ങളാണെന്നാണ് പൊതുവെ പറയാറുള്ളത്. ആ ശൈലി തിരുത്തിക്കുറിച്ചു ജസിന്‍ഡ.

'നമ്മുടെ ചിന്തകളും പ്രാര്‍ഥനകളും മുഴുവനായും കൊല്ലപ്പെട്ടവര്‍ക്കുള്ളതാണ്. ഈ മരിച്ചവരുടെയെല്ലാം സ്വന്തമിടമായിരുന്നു ക്രൈസ്റ്റ് ചര്‍ച്ച്. അവര്‍ ഇവിടെ ജനിച്ചവരല്ല. പക്ഷെ അവർ ജീവിക്കാനായി ന്യൂസിലാന്റിനെ തെരഞ്ഞെടുക്കുകയായിരുന്നു. അവർ അവരുടെ സുരക്ഷക്കായി കണ്ടെത്തിയ ഇടം. ഓരോരുത്തർക്കും അവരവരുടെ മതവും ആചാരങ്ങളും പുലർത്തിക്കൊണ്ടുപോകാന്‍ സ്വാതന്ത്ര്യമുള്ള ഇടം.

ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിക്കുന്നവരോട് ഞാന്‍ പറയട്ടെ, ഒരിക്കലും നമ്മൾ ( ന്യൂസിലാന്റ് പൌരന്‍മാന്‍ ) ആയിരുന്നില്ല ആ കൊലയാളിയുടെ ലക്ഷ്യം. കാരണം നമ്മൾ ഈ ഇരകൾക്ക് സുരക്ഷിത ഇടമൊരുക്കിയവര്‍ മാത്രമാണ്. നമ്മളൊരിക്കലും ഇങ്ങനെയൊരു കൃത്യം ചെയ്യുകയുമില്ല. കാരണം നമ്മൾ വംശീയതക്ക് ഒരിക്കലും മാപ്പ് കൊടുക്കാത്തവരാണ്. തീവ്രവാദത്തിന് ഇടം നല്‍കാത്തവരാണ്. നമ്മൾ പ്രതിനിധാനം ചെയ്യുന്നത് ബഹുസ്വരതയാണ്, ദയാവായ്പാണ്, സഹാനുഭൂതിയാണ്. നമ്മുടെ മൂല്യങ്ങളും പങ്കുവെക്കുന്നവര്‍ക്ക് വീടൊരുക്കിയവരാണ്. അഭയം തേടുന്നവര്‍ക്ക് അതൊരുക്കിയവരാണ്.'

‘ഞാന്‍ ഉറപ്പ് നല്‍കുന്നു, ആ മൂല്യങ്ങൾക്ക് ഈ ആക്രമണത്തോടെ ഒരു കോട്ടവും സംഭവിക്കില്ല' - ഭീകരാക്രമണം നടന്ന് തൊട്ടുടനെ ജസിന്‍ഡ രാജ്യത്തോടായി പറഞ്ഞ വാക്കുകളാണിത്. ഈ അക്രമി ഒരിക്കലും നമ്മളില്‍ പെട്ടവനല്ല എന്നും പ്രഖ്യാപിച്ചു ജസിന്‍ഡ.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത വസ്ത്രവും ഹിജാബും ധരിച്ചാണ് അവര്‍ ഇരകളുടെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനെത്തിയത്. കെട്ടിപ്പുണര്‍ന്നവരെ സമാശ്വാസിപ്പിച്ചു. രാജ്യം നിങ്ങള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ഒരു രാജ്യം മുഴുവന്‍ ഇരകൾക്കൊപ്പം നില്‍ക്കുന്നത് ലോകമൊന്നടങ്കം അത്ഭുതത്തോടും അസൂയയോടും നോക്കി.

ഖുര്‍ആന്‍ പാരായണത്തോടെയാണ് ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിച്ചത്. അസ്സലാമു അലൈക്കും എന്ന് അറബിയിലും തുടര്‍ന്ന് ഇംഗ്ലീഷിലുമാണ് ജസിന്‍ഡ പാര്‍ലമെന്റിനെ അഭിസംബോധനം ചെയ്തത്. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും ജസിന്‍ഡ അക്രമിയുടെ പേര് പറഞ്ഞില്ല. കുപ്രസിദ്ധി പോലും അയാര്‍ അര്‍ഹിക്കുന്നില്ല എന്നാണ് ജസിന്‍ഡയുടെ നിലപാട്. നമ്മള്‍ പറയേണ്ടത് മരിച്ചവരുടെ പേരുകളാണ്, അക്രമിയുടേയല്ല - ജസിന്‍ഡ പറയുന്നു.

ये भी पà¥�ें- ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റിന് ആരംഭം; സലാം ചൊല്ലി അഭിവാദനം ചെയ്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ

ജസിന്‍ഡ കെയ്റ്റ് ലോറല്‍ ആര്‍ഡന്‍ - ജോസ് ആർഡന്റേയും ലോറല്‍ ആര്‍ഡന്റേയും മകളായി ന്യൂസിലാന്റില്‍ ജനനം. ന്യൂസിലാന്റില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയിരുന്ന ആക്ടിവിസ്റ്റും, രാഷ്ട്രീയപ്രവർത്തകയുമായ മെരിലിന്‍ വാറിങ്ങില്‍ ആകൃഷ്ടയായാണ് ജസിന്‍ഡ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ലേബർ പാര്‍ട്ടി അംഗമായിരുന്ന അമ്മായിയും രാഷ്ട്രീയത്തിലേക്കുള്ള വഴികാട്ടിയായി. 2008ല്‍ 28ആം വയസ്സില്‍ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പാർലമെന്റംഗം എന്ന ബഹുമതി നേടി. ആദ്യ നേട്ടം നേരത്തെ തന്നെ മെറിലിന്‍ വാറിങ്ങ് സ്വന്തമാക്കിയിരുന്നു. മധ്യ - ഇടതുപക്ഷ പാർട്ടിയായ ലേബര്‍ പാർട്ടിയില്‍ ജസിന്‍ഡ അംഗത്വമെടുത്തു. 1999ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസിന്‍ഡ സജീവമായിരുന്നു. പതിയെ ലേബര്‍ പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവായി വളര്‍ന്നു. അഞ്ചുതവണ ന്യൂസിലന്‍ഡ് പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂസിലന്‍ഡ് പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. കുഞ്ഞുങ്ങൾക്കായിരുന്നു ജസിന്‍ഡയുടെ പ്രഥമ പരിഗണന.

2005 സ്വവര്‍ഗരതിക്ക് അനുകൂല നിലപാടെടുത്ത് ക്രിസ്തീയ സഭയുമായി കലഹിച്ചു. പിന്നീട് സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചു. 2017ല്‍ ദൈവത്തെയോ ലോകോല്‍പത്തിയെ കുറിച്ചോ ഒന്നും അറിയാത്തവളാണ് താനെന്ന് പ്രഖ്യാപിച്ചു.

മുന്‍പും ജസിന്‍ഡ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസിന്‍ഡ. ബേനസീര്‍ ഭൂട്ടോയാണ് ആദ്യത്തേയാള്‍. 2017 ഒക്ടോബറില്‍ ന്യൂസിലാന്റ് പ്രധാനമന്ത്രിയായി അധികാരമേറ്റ ജസിന്‍ഡ ജൂണിലാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ആറ് ആഴ്ചത്തെ അവധിക്ക് ശേഷം തന്റെ രാഷ്ട്രീയ തിരക്കുകളിലേക്ക് അവര്‍ തിരികെ വന്നു.

മൂന്ന് മാസം പ്രായമുളള കുഞ്ഞുമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ജസിന്‍ഡയുടെ ചിത്രം ലോകം ആഘോഷിച്ചതാണ്. വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നേരിടുന്ന വിവേചനം തുറന്നടിച്ചപ്പോഴും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു.

2018ല്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ ജസിന്‍ഡ അണിഞ്ഞിരുന്നത് ന്യൂസിലാന്റിലെ ആദിവാസി വിഭാഗമായ മവോറികളുടെ പരമ്പരാഗത മേല്‍ക്കുപ്പായമാണ്. മാവോറികള്‍ക്കൊന്നടങ്കം അഭിമാന നിമിഷമായിരുന്നു അത്. ഒരിക്കല്‍ ബ്രിട്ടീഷ് ഭരണകൂടം കൊന്നൊടുക്കിയ മവോറികളുടെ പ്രതിനിധിയാണ് താനെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവര്‍. താന്‍ അവരുടെ പ്രതിനിധിയാണെന്നും.

അമേരിക്കയിലെ പ്രശ്സതയായ ആക്ടിവിസ്റ്റും ഉദ്യോഗസ്ഥയുമായ ഷെറില്‍ സാന്‍ഡ്ബെര്‍ഗ് രാഷ്ട്രീയത്തിലെ അത്ഭുതമെന്നാണ് ജസിന്‍ഡ ആർഡനെ വിശേഷിപ്പിച്ചത്. ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിലും ജസിന്‍ഡ ഇടം നേടിയിരുന്നു.

Tags:    

Similar News