ഭീകരതക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീ നേതാക്കള്‍ക്ക് പ്രത്യേക കഴിവോ?

50 പേരുടെ മരണത്തിനിടയാക്കിയ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന് ശേഷം മറ്റ് രാഷ്ട്രത്തലവന്മാരില്‍ നിന്ന് വ്യത്യസ്തമായി തന്‍റെ ജനങ്ങളെ സമീപിച്ചിരിക്കുകയാണ് ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍

Update: 2019-05-03 04:56 GMT
Advertising

സ്വന്തം രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നാല്‍ പൊതുവെ യുക്തിപൂര്‍വം പ്രതികരിക്കുന്ന രാഷ്ട്രത്തലവന്മാരെയാണ് ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കുക. ചില രാഷ്ട്രത്തലവന്മാര്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നുള്ള അറിയിപ്പുകള്‍ നല്‍കാനും പൊലീസിന്റെയും മറ്റ് സുരക്ഷാസേനയുടെയും സേവനങ്ങളെ അഭിനന്ദിക്കാനുമുള്ള തിരക്കിലായിരിക്കും. മറ്റു ചിലര്‍ വലിയ നേതൃത്വ പരിപാടികളും സുരക്ഷാ സജ്ജീകരണങ്ങളും യുദ്ധാനന്തര ക്യാമ്പുകളും സംഘടിപ്പിക്കുന്ന തിരക്കിലും. ഇത്തരം അടിയന്ര സാഹചര്യങ്ങളില്‍ പല നിയമങ്ങള്‍ക്കും മൂര്‍ച്ച കൂടും. ജനങ്ങളുടെ സുരക്ഷയെ ലക്ഷ്യംവെച്ച് വ്യക്തി സ്വാതന്ത്ര്യം ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ച് എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് ന്യൂസിലാന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ജെസിന്ത ആര്‍ഡന്‍. സ്‌നേഹവും കരുണയും തുളുമ്പുന്ന അവരുടെ വാക്കുകള്‍ പലപ്പോഴും എല്ലാം നഷ്ടപ്പെട്ട ആ ജനങ്ങള്‍ക്ക് ഒരു ആശ്വാസമായിരുന്നു. സ്വന്തം കുടുംബത്തെപ്പോലെയാണ് ആര്‍ഡന്‍ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന് ശേഷം തന്റെ ജനങ്ങളെ പരിപാലിച്ചത്. സങ്കടപ്പെട്ടിരിക്കുന്ന മുസ്ലീം ജനങ്ങളെ ആശ്വസിപ്പിക്കുമ്പോഴെല്ലാം അവര്‍ തലയില്‍ സ്‌കാര്‍ഫ് ധരിച്ചിരുന്നു. അവരുടെ കണ്ണീരില്‍ ആര്‍ഡനും ഒരു ഭാഗമായിരുന്നു. സ്വദേശികളെന്നോ കുടിയേറ്റക്കാരെന്നോ വേര്‍തിരിക്കാതെ കൊല്ലപ്പെട്ടവരുടെയെല്ലാം ശവസംസ്‌ക്കാരച്ചിലവുകള്‍ ന്യൂസിലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു.

പട്ടാളക്കാരുപയോഗിക്കുന്ന പഴക്കംചെന്ന യുദ്ധായുധങ്ങളുടെ രീതി മാറ്റി നൂതന ആയുധങ്ങളുടെ അവര്‍ പാര്‍ലമെന്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കാലങ്ങളായി പിന്തുടരുന്ന പട്ടാളക്കാരുപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കി ആയുധങ്ങളില്‍ നൂതന രീതികള്‍ ആവിഷ്‌ക്കരിക്കാന്‍ അവര്‍ പാര്‍ലമെന്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കി. അപകട സാഹചര്യത്തെ തന്മയത്വത്തോടെ നേരിട്ട ആര്‍ഡന്റെ നേതൃത്വപാടവത്തെ ലോകം മുഴുവന്‍ അഭിനന്ദിച്ചു. സാഹചര്യങ്ങളെ നേരിടാനുള്ള പെണ്ണിന്റെ കരുത്തായാണ് ചിലര്‍ ഇതിനെ കണ്ടത്.

പെണ്‍ നേതാവ്

തീവ്രവാദി ആക്രമണാനന്തരം ജനങ്ങളോടുള്ള സമീപനത്തില്‍ പുരുഷ നേതാക്കളില്‍ നിന്ന് ഒരു സ്ത്രീ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നറിയാന്‍ കഴിഞ്ഞ കാലങ്ങളില്‍ പുരുഷ നേതാക്കള്‍ എങ്ങനെയാണ് ഈ വിഷയങ്ങളെ കൈകാര്യം ചെയ്തതെന്ന് മനസിലാക്കണം.

2011 ലെ നോര്‍വേ ഒസ്ലോയ ഭീകരാക്രമണം, വിസ്‌കോണ്‍സിന്‍ ഗുരുദ്വാരയിലെ വെടിവെപ്പ്, 2015 ലെ ചാള്‍സ്റ്റണ്‍ കൂട്ടക്കൊലപാതകം, 2017 ല്‍ കാനഡയിലെ ക്യൂബ പള്ളി ആക്രമണം, 2018 ല്‍ പിറ്റ്‌സ്ബര്‍ഗ് സിനഗോഗ് ആക്രമണം, 2019 ലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് എന്നിങ്ങനെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന 5 വ്യത്യസ്ത ആക്രമണങ്ങളും അതിനോടുള്ള അതത് രാഷ്ട്രത്തലവന്മാരുടെ പ്രതികരണങ്ങളും വിശകലനം ചെയ്യാം. നോര്‍വീജിയന്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്, അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക്ക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ന്യൂസിലാന്റ് പ്രധാനമന്ത്രി ആര്‍ഡന്‍ എന്നിവരാണ് പഠന വിധേയരാക്കിയ രാഷ്ട്ര നേതാക്കള്‍.

ആക്രമണത്തിനാണോ ആക്രമണങ്ങളില്‍ ഇരയാക്കപ്പെട്ടവര്‍ക്കാണോ അതോ കുറ്റവാളികള്‍ക്കാണോ ഈ രാഷ്ട്രത്തലവന്മാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന് പ്രതിസന്ധിഘട്ടത്തില്‍ ഇവര്‍ നടത്തിയ പ്രസ്താവനകളിലൂടെയും ജനങ്ങളെ അഭിസംബോധന ചെയ്ത രീതികളിലൂടെയും അവരുടെ സംസാരത്തിലൂടെയും വ്യക്തമാണ്.

മുകളില്‍ പറഞ്ഞ എല്ലാ രാഷ്ട്ര നേതാക്കളും ആക്രമണത്തില്‍ ഇരയാക്കപ്പെട്ടവരോട് സഹാനുഭൂതി പ്രകടിപ്പിച്ചാണ് സംസാരിച്ചത്. ഇരയാക്കപ്പെട്ടവരെക്കുറിച്ചും മുറിവേറ്റവരെക്കുറിച്ചുമായിരുന്നു പ്രസ്താവനകളിലധികവും. ഇതില്‍ രണ്ട് പേര്‍ ആര്‍ഡനേക്കാള്‍ ശക്തമായി ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും പ്രായോഗികതലങ്ങളെക്കുറിച്ച് സംസാരിച്ചവരാണ്.

നോര്‍വീജിയന്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗിന്റെ പ്രസ്താവനകളില്‍ 44% ത്തോളം ആക്രമണത്തില്‍ ഇരയാക്കപ്പെട്ടവരെക്കുറിച്ചും 56% ത്തോളം വിഷയത്തിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ചുമായിരുന്നു. തീവ്രവാദികളെക്കുറിച്ച് അദ്ദേഹം ഒരു തരത്തിലുള്ള പ്രസ്താവനകളം നടത്തിയിട്ടില്ല. 77 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തന്റെ പ്രതികരണം അറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ക്യൂബന്‍ ആക്രമണത്തിന് ശേഷം മുസ്ലീം ജനതയെ സ്വന്തം സഹോദരന്മാരായും സുഹൃത്തുക്കളായും ബന്ധുക്കളായുമാണ് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ 41% വും ഇരയാക്കപ്പെട്ടവരെ അഭിസംബോധന ചെയ്തുന്ന തരത്തിലുള്ളതായിരുന്നു.

എന്നാല്‍ രണ്ട് സാഹചര്യങ്ങളിലും അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രശ്‌നത്തിന്റെ പ്രായോഗിക തലങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. ഇരയാക്കപ്പെട്ടവര്‍ക്ക് കുറഞ്ഞ പ്രാധാന്യമാണ് മാത്രമേ ഇരുവരും നല്‍കിയുള്ളു. ദക്ഷിണ കരോലിനയിലെ കൊലപാതകങ്ങളില്‍ രോഷംപൂണ്ട് സംസാരിക്കുകയായിരുന്ന ഒബാമ വെറും 18% വും പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗ് വെടിവെപ്പില്‍ പ്രതികരിച്ച് സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെറും 5% വും പ്രസ്താവനകള്‍ മാത്രമാണ് ഇരയാക്കപ്പെട്ടവരെ കുറിച്ച് നടത്തിയത്. കുറ്റാന്വേഷണങ്ങളെക്കുറിച്ചും നിയമ നടപടികളെക്കുറിച്ചും എങ്ങനെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ നോക്കിക്കാണുന്നത് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുമാണ് ഇവരുടെ പ്രസ്താവനകളിലധികവും.

തലയില്‍ സ്‌കാര്‍ഫ് ധരിച്ചാണ് ആര്‍ഡന്‍ ആക്രമണത്തിന് ഇരയായ മുസ്ലീം ജനങ്ങളെ സന്ദര്‍ശിക്കാനെത്തിയത്. ന്യൂസിലാന്റ് മുസ്ലീം ജനതയെ ബഹുമാനിക്കുന്നെന്ന വലിയ സന്ദേശമാണ് ആര്‍ഡന്‍ ഇതിലൂടെ ലോകത്തിന് നല്‍കുന്നത്

മറ്റെല്ലാവരും പകുതിയോളം പ്രസ്താവനകള്‍ പ്രശ്‌നത്തിന്റെ പ്രായോഗിക തലങ്ങളെ വിശകലനം ചെയ്യാന്‍ ഉപയോഗിച്ചപ്പോള്‍ ആര്‍ഡന്‍ മാത്രമാണ് പ്രസ്താവനകളിലധികവും ആക്രമണങ്ങളിലുള്‍പ്പെട്ട ജനങ്ങളെക്കുറിച്ച് ( ഇരകളും കുറ്റവാളികളും) സംസാരിച്ചത്. ഇരയാക്കപ്പെട്ടവരെ അവരിലൊരാളായിക്കണ്ട് ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തുകയായിരുന്നു ആര്‍ഡന്‍. കുറ്റവാളികളെക്കുറിച്ച് അവര്‍ സംസാരിച്ചെങ്കിലും ഒരിടത്തും അവരുടെ പേര് ആര്‍ഡന്‍ പറയുന്നില്ല എന്നത് എടുത്തുപറയേണ്ട ഒന്നാണ്. കുറ്റവാളിയുടെ പേര് താന്‍ ഉച്ചരിക്കുന്നത് ഒരിക്കലും അയാള്‍ കേള്‍ക്കാനിടവരില്ലെന്ന ജെസീന്തയുടെ വാക്കുകള്‍ എല്ലാവരെയും കോരിത്തരിപ്പിച്ചതാണ്. പേര് പോലും ഉച്ചരിക്കാന്‍ അര്‍ഹിക്കാത്തവണ്ണം നീചനാണ് അയാളെന്നാണ് ആര്‍ഡന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നത്.

പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പരിധി വിടാതെ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുക എന്നത് രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ച് കരുത്ത് തന്നെയാണ്. 2016 ല്‍ സാന്റി ഹൂക്ക് വെടിവെപ്പ് സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ കരഞ്ഞതിനെ ഫോക്‌സ് ന്യൂസ് കളിയാക്കിയിരുന്നു. വികാരങ്ങളുടെ അമിതമായ പ്രകടത്തിന്റെ പേരില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നവരാണ് സ്ത്രീകള്‍. സമൂഹം സ്ത്രീയെ വികാരങ്ങള്‍ അടക്കിവെക്കാന്‍ കഴിയാത്തവളായാണ് എപ്പോഴും ചിത്രീകരിക്കാറുള്ളത്. വികാരങ്ങളുടെ തുറന്നുപറച്ചിലിലും ആര്‍ഡന്റെ ഇടപെടല്‍ വ്യത്യസ്തമായിരുന്നു. ആക്രമണം നേരിട്ട ശേഷം തന്റെ അപ്പോഴത്തെ വികാരങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ മറുപടി കൊടുത്തിരുന്നില്ല. സ്വന്തം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിച്ചിരുന്ന സമയത്തില്‍ കുറവ് വരുത്തി ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി അവരോടൊപ്പം നില്‍ക്കുകയായിരുന്നു ആര്‍ഡന്‍.

സ്ത്രീകളെക്കുറിച്ചുള്ള മറ്റൊരു പൊതുധാരണ അവര്‍ മറ്റുള്ളവരെ വളരെ കരുണാപൂര്‍വം പരിചരിക്കുമെന്നതാണ്. ഈ പൊതുധാരണ ശരിവെക്കുന്ന തരത്തിലായിരുന്നു ആക്രമണത്തിന് ശേഷം ആര്‍ഡന്റെ പ്രവര്‍ത്തനങ്ങള്‍. തലയില്‍ സ്‌കാര്‍ഫ് ധരിച്ചാണ് ആര്‍ഡന്‍ ആക്രമണത്തിന് ഇരയായ മുസ്ലീം ജനങ്ങളെ സന്ദര്‍ശിക്കാനെത്തിയത്. ന്യൂസിലാന്റ് മുസ്ലീം ജനതയെ ബഹുമാനിക്കുന്നെന്ന വലിയ സന്ദേശമാണ് ആര്‍ഡന്‍ ഇതിലൂടെ ലോകത്തിന് നല്‍കുന്നത്. ലോകത്തെമ്പാടുമുള്ള മുസ്ലീം നേതാക്കള്‍ അവരുടെ സ്‌നേഹപൂര്‍വ്വമുള്ള പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പല സ്ത്രീകളും അവരുടെ മാതൃക പിന്തുടരാന്‍ തുടങ്ങി.

ആര്‍ഡന്റെ നേതൃത്വത്തില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം സര്‍ക്കാര്‍ വഹിച്ചു. ആക്രമണങ്ങളില്‍പ്പെട്ട് കുടുംബത്തിലെ പുരുഷന്മാര്‍ കൊല്ലപ്പെടുമ്പോള്‍ അവിടുത്തെ സ്ത്രീകളുടെ ജീവിതം ദുരിതത്തിലാവും. എന്നാല്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിലൂടെ ആര്‍ഡന്‍ സ്ത്രീകളുടെ കാര്യത്തില്‍ എത്ര ശ്രദ്ധാലുവാണെന്ന് മനസിലാക്കാനാവും. സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സ്ത്രീ നേതാക്കളാണ് ഉത്തമമെന്ന് ഗവേഷണങ്ങളും തെളിയിക്കുന്നുണ്ട്.

എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി ഏകപക്ഷീയമായി ഭരണം നടത്തിയ സ്ത്രീ നേതാക്കളും ലോകത്തുണ്ട്. അമേരിക്കന്‍ സെനറ്റ് അംഗം ഹിലരി ക്ലിന്റണ്‍ ലിബിയയിലും സിറിയയിലും അമേരിക്ക നടത്തിയ സൈനികാക്രമണത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ ഭരണത്തിലിരിക്കെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. പുരുഷ സ്വഭാവം കൊണ്ട് മാത്രമേ പുരുഷ മേല്‍ക്കോയ്മയുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിജയം കൈവരിക്കാനാവൂ എന്നായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ എല്ലാവരും കരുതിയിരുന്നത്. അവര്‍ക്കിടയില്‍ ജനങ്ങളോട് തുറന്ന സമീപനം വെച്ചുപുലര്‍ത്തുന്ന ഒരു സ്ത്രീ നേതാവ് എന്നത് പുതിയൊരു പ്രതിഭാസമാണ്. സ്ത്രീ നേതാക്കള്‍ക്ക് ലോക ചരിത്രത്തില്‍ ഇടം നേടാനാവുമെന്ന് മാത്രമല്ല പ്രജകളുടെ ഇഷ്ടതാരമായി മാറാന്‍ കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍.

Tags:    

Similar News