ആഘോഷ ലഹരിയിൽ കൊച്ചി; അതീവ സുരക്ഷ ഒരുക്കി പൊലീസ്
റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം
കൊച്ചി: പുതുവത്സരം ആഘോഷിക്കാൻ കൊച്ചി കാർണിവലിന് എത്തുന്നവർക്കായി അതീവ സുരക്ഷ ഒരുക്കി പൊലീസ്. ഇതിനായി 28 ഇൻസ്പെക്ടർമാരും 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിങ് നിരോധിക്കും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു.
വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കും.
ഇലക്ട്രിക് ഫീഡർ ബസ്
ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ-ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും. ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട്-എം.ജി റോഡ് സർക്കുലർ സർവീസ് രാത്രി 12 മുതൽ പുലർച്ചെ 4 മണിവരെയുണ്ടാകും.
കൊച്ചി മെട്രോ ട്രെയിൻ
മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവീസ് നടത്തും. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ലാസ്റ്റ് സർവീസ് 1.30 ന് പുറപ്പെടും. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ലാസ്റ്റ് സർവീസ് രണ്ട് മണിക്കായിരിക്കും. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളിയിൽ നിന്ന് ജനുവരി 3 വരെ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് ദീർഘിപ്പിച്ചിട്ടുമുണ്ട്.
കൊച്ചി വാട്ടർ മെട്രോ
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ഹൈക്കോർട്ട് ഫോർട്ട് കൊച്ചി റൂട്ടിലും രാത്രി 7 മണിക്ക് അവസാനിക്കും എങ്കിലും തുടർന്ന് ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും സർവീസ് ഉണ്ടാകും. മറ്റ് റൂട്ടുകളിലെ സർവീസ് പതിവുപോലെ ഉണ്ടാകും