സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി തൃശൂര്‍
പൂര്‍ണമായും പ്രകൃതി സൗഹൃദമാണ് കലോത്സവം. രണ്ട് ലക്ഷത്തോളം വൃക്ഷത്തൈകള്‍ നല്‍കിയാണ് കലോത്സവത്തിനെത്തുന്നവരെ സ്വീകരിക്കുക
അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി തൃശൂര്‍. അടുത്ത മാസം ആറ് മുതല്‍ പത്ത് വരെയാണ് കലോത്സവം. ആറ് വര്‍ഷത്തിന് ശേഷം എത്തുന്ന കലോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
അഞ്ച് ദിവസമാക്കി ചുരുക്കിയ കലോത്സവത്തിന്റെ വേദികള്‍ 24 ആയി ഉയര്‍ന്നു. ഘോഷയാത്രയില്ല. വ്യത്യസ്തതകള്‍ ഏറെയുണ്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അമ്പത്തിയെട്ടാം പതിപ്പിന്. തേക്കിന്‍ കാട് മൈതാനവും സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള സ്ഥാപനങ്ങളുമാണ് വേദികള്‍. പ്രധാന വേദിയടക്കം മൂന്ന് വേദികളാണ് തേക്കിന്‍കാട് മൈതാനത്തുള്ളത്. വേദികള്‍ക്കിട്ടിരിക്കുന്നത് മരങ്ങളുടെയും ചെടികളുടെയും പേരുകള്‍. മുഖ്യവേദി നീര്‍മാതളമാകുമ്പോള്‍ പാചകശാലക്ക് തൃശൂരിന്റെ നെല്ലിനമായ പൊന്നാര്യന്‍ എന്നാണ് പേര്. ഭോജനശാലയാകട്ടെ സര്‍വസുഗന്ധിയും.
പൂര്‍ണമായും പ്രകൃതി സൗഹൃദമാണ് കലോത്സവം. രണ്ട് ലക്ഷത്തോളം വൃക്ഷത്തൈകള്‍ നല്‍കിയാണ് കലോത്സവത്തിനെത്തുന്നവരെ സ്വീകരിക്കുക. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാകും എല്ലാ വേദികളും പ്രവര്‍ത്തിക്കുക. ഘോഷയാത്രക്ക് പകരം ഇത്തവണ സാംസ്‌കാരിക സംഗമം നടക്കും. എ ഗ്രേഡ് നേടുന്ന എല്ലാവര്‍ക്കും നിശ്ചിത തുക സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായും നല്‍കും.