ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കായി ഡേ കെയർ യൂണിറ്റുകളുമായി സര്‍ക്കാര്‍
മന്ത്രി കെ.കെ ശൈലജ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളെ പരിചരിക്കാൻ ഡേ കെയർ യൂണിറ്റുകളുമായി സംസ്ഥാന സർക്കാർ. സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ മൊബൈൽ ക്രഷ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി കെ.കെ ശൈലജ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
വെല്ലിങ്ങ്ടൺ ഐലന്റിലെ 70-ാം നമ്പർ അംഗനവാടിയിലാണ് സാമൂഹ്യനീതി വകുപ്പിന്റെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്കായുള്ള മൊബൈൽ ക്രഷ് യൂണിറ്റ് തുടങ്ങിയത്.പിഞ്ചു കുഞ്ഞുങ്ങളെ നോക്കുന്നത് മൂലം പല അമ്മമാർക്കും ഉണ്ടാകുന്ന തൊഴിൽ നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ക്രഷ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
നിലവിൽ 41 കുട്ടികൾ ഐലന്റിലെ ക്രഷ് യുണിറ്റിൽ എത്തുന്നുണ്ട്. വാഹനം അയച്ചാണ് ഇവരെ ഇവിടേക്ക് കൊണ്ടുവരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുമുപയോഗപ്പെടുത്തി 520 മൊബൈൽ ക്രഷ് യൂണിറ്റുകൾ കൂടി ആരംഭിക്കുമെന്ന് മന്ത്രി ശൈലജ വ്യക്തമാക്കി. ഹൈബി ഈഡൻ എംഎൽഎ, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവരും പങ്കെടുത്തു.