നടിയെ ആക്രമിച്ച സംഭവം; മുഖ്യപ്രതികളെ പിടികൂടാനാകാതെ പോലീസ്

Update: 2018-04-22 01:44 GMT
Editor : Sithara
നടിയെ ആക്രമിച്ച സംഭവം; മുഖ്യപ്രതികളെ പിടികൂടാനാകാതെ പോലീസ്

അഞ്ച് ദിവസമായിട്ടും പ്രധാന പ്രതി പൾസർ സുനി, വിജേഷ് എന്നിവരെ പിടികൂടാൻ സാധിച്ചിട്ടില്ല

നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ മുഴുവൻ പിടികൂടാൻ സാധിക്കാതെ അന്വേഷണ സംഘം. 5 ദിവസമായിട്ടും പ്രധാന പ്രതികളെ പിടികൂടാൻ സാധിച്ചില്ല. കോടതിയിൽ കീഴടങ്ങുന്നതിന് മുൻപ് ഇവരെ പിടികൂടാനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ മണികണ്ഠന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ എല്ലാ പ്രതികളേയും പിടികൂടുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ അഞ്ച് ദിവസമായിട്ടും പ്രധാന പ്രതി പൾസർ സുനി, വിജേഷ് എന്നിവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ആലപ്പുഴ, കൊല്ലം, പാലക്കാട്, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതികളിലേക്ക് എത്തിച്ചേരാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കീഴടങ്ങാനുള്ള ശ്രമം പ്രതികൾ നടത്തിയാൽ കോടതിയിൽ എത്തുന്നതിന് മുൻപ് ഇവരെ പിടികൂടാമെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്. കീഴടങ്ങാൻ സാധ്യതയുള്ള കോടതികളിൽ എല്ലാം അന്വേഷണ സംഘം മഫ്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. പതിനെട്ടാം തിയതി അഭിഭാഷകനെ കാണാൻ പോലീസിന്റെ മൂക്കിന് താഴെ സുനി അടക്കമുള്ളവർ എത്തിയിട്ടും പൊലീസ് അറിഞ്ഞില്ല.

Advertising
Advertising

അതേസമയം പിടിയിലായ മണികണ്ഠനെ അന്വേഷണ സംഘം വിശദമായി തന്നെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പൾസർ സുനി പണം വാഗ്ദാനം ചെയ്തത് കൊണ്ടാണ് ഒപ്പം പോയതെന്നും നടിയെ താൻ ആക്രമിച്ചിട്ടില്ലെന്നും മണികണ്ഠൻ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ പിടിയിലായ മൂന്ന് പേരും സൂത്രധാരൻ സുനിയാണെന്ന് തന്നെയാണ് പറയുന്നത്.

സംഭവത്തിന് പിന്നിലെ ലക്ഷ്യവും ഗൂഢാലോചനയും പുറത്ത് വരണമെങ്കിൽ സുനിയും വിജേഷും കൂടി പിടിയിലാകണം. ഇതിനിടെ വിജേഷിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴും സിനിമ മേഖലയിലെ ചിലർ ബന്ധപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News