കാഷ്യു കോര്‍പറേഷന്‍ ബോര്‍ഡ് നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്

Update: 2018-05-03 08:23 GMT
കാഷ്യു കോര്‍പറേഷന്‍ ബോര്‍ഡ് നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്

ബോര്‍ഡിലെ ഐഎൻടിയുസി പ്രതിനിധികളെ നീക്കുന്നതിന് കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് മന്ത്രി ജെ മേഴ്സിസിക്കുട്ടിയമ്മയ്ക്ക് കത്ത് നൽകി

Full View

‌‌കാഷ്യു കോർപറേഷൻ, കാപെക്സ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെ ബോര്‍ഡ്, മെമ്പര്‍ നിയമനത്തെ ചൊല്ലിയുളള കോൺഗ്രസിലെ തർക്കം പൊട്ടിത്തെറിയിലേക്ക്. ബോര്‍ഡിലെ ഐഎൻടിയുസി പ്രതിനിധികളെ നീക്കുന്നതിന് ഉമ്മൻചാണ്ടി അദ്ധ്യക്ഷനായ കേരള കശുവണ്ടി തൊഴിലാളി കൊണ്‍ഗ്രസ് മന്ത്രി ജെ മേഴ്സിസിക്കുട്ടിയമ്മയ്ക്ക് കത്ത് നൽകി. ആര്‍ ചന്ദ്രശേഖരന്‍ സര്‍ക്കാരിനെ സ്വാധീനിച്ചാണ് പ്രതിനിധികളെ നിയമിച്ചതെന്നും അതിനാലാണ് കത്ത് നല്‍കിയതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി സത്യശീലന്‍ പ്രതികരിച്ചു. മീഡിയവണ്‍ എക്സ്ക്ലുസിവ്.

Advertising
Advertising

കാഷ്യു കോർപറേഷൻ, കാപെക്സ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലേ ബോര്‍ഡ് മെമ്പര്‍മാരായി ഇക്കഴിഞ്ഞ മാസമാണ് വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നും സര്‍ക്കാര്‍ പ്രതിനിധികളെ നിയമിച്ചത്. ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് കാഷ്യു കോർപറേഷനിലേക്ക് കാഞ്ഞിരവിള അജയകുമാറും കാപെക്സിലേക്ക് കോതേത്ത് ഭാസുരനും നിയമിക്കപ്പെട്ടു. കെപിസിസിയോട് ആലോച്ചിക്കാതെയാണ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍ ചന്ദ്രശേഖരന്‍ സർക്കാരിന് ഇവരുടെ പട്ടിക കൈമാറിയതെന്ന് ആരോപിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ്.‌‌

ഇതിനിടെയാണ് ഐ.എൻ.ടി.യു.സി പ്രതിനിധികളെ നീക്കുന്നതിന് ഉമ്മൻചാണ്ടി അധ്യക്ഷനായ കശുവണ്ടി തൊഴിലാളി കോൺഗ്രസ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. മുൻ കാലഘട്ടങ്ങളിലെ പോലെ കശുവണ്ടി തൊഴിലാളി കോൺഗ്രസിൽ നിന്ന് തന്നെ പ്രതിനിധികളെ നിയമിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് യൂണിയൻ കത്ത് കൈമാറി. ചന്ദ്രശേഖരന്‍ ഇടപെട്ട് വഴിവിട്ട നിയമനം നടത്തിയതിനാലാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെന്ന് ജനറല്‍ സെക്രട്ടറി വി സത്യശീലന്‍ പ്രതികരിച്ചു.

വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കെപിസിസി ഇടപെടും മുമ്പ് വിഷയം സര്‍ക്കാരിന് മുന്നിലെത്തിച്ചത് കോണ്‍ഗ്രസിനുളളില്‍ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കും.

Tags:    

Similar News