അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്‍റെ ദൃശ്യങ്ങളെടുത്തെന്ന് ആരോപിച്ച് മര്‍ദ്ദനം: 14 പേര്‍ക്കെതിരെ കേസ്

Update: 2018-05-03 09:16 GMT
Editor : Sithara
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്‍റെ ദൃശ്യങ്ങളെടുത്തെന്ന് ആരോപിച്ച് മര്‍ദ്ദനം: 14 പേര്‍ക്കെതിരെ കേസ്

പൊലീസുകാരുള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്‍റെ ദൃശ്യങ്ങളെടുത്തെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു. പൊലീസുകാരുള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 12 നാട്ടുകാരെയും 2 പൊലീസുകാരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി സിഐയ്ക്കാണ് അന്വേഷണച്ചുമതല.

Full View

കക്കാടംപോയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ സമീപത്ത് വെച്ച് ഞായറാഴ്ച രാത്രിയാണ് കൊടിയത്തൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റത്. പോലീസുകാരും നാട്ടുകാരെന്ന് പറഞ്ഞ് എത്തിയവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു യുവാക്കളുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ റൂറല്‍ എസ് പി നിര്‍ദേശം നല്‍കി. തുടര്‍ന്ന് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെയും കണ്ടാലറിയാവുന്ന 12 നാട്ടുകാരെയും പ്രതികളാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിന്റെ അന്വേഷണ ചുമതല താമരശ്ശേരി സിഐക്ക് കൈമാറാനും റൂറല്‍ എസ് പി നിര്‍ദേശിച്ചു.

Advertising
Advertising

കൈകൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചുവെന്നാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് എതിരായി എഫ്ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം. കേസിന്റെ അന്വേഷണം ആരംഭിച്ചതായി താമരശേരി സിഐ വ്യക്തമാക്കി. നാട്ടുകാരും യുവാക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായുള്ള ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ സ്ഥലത്ത് എത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ച വിവരം. പോലീസുകാര്‍ മര്‍ദ്ദനമേറ്റവരെ റോഡില്‍ മുട്ടുകുത്തി നിര്‍ത്തിയതായുള്ള പരാതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തള്ളി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News