"ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മാന്യമായ മരണം": ദയാവധം അനുവദിക്കണമെന്ന് സുജി

Update: 2018-05-17 15:37 GMT
Editor : Sithara
"ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മാന്യമായ മരണം": ദയാവധം അനുവദിക്കണമെന്ന് സുജി
Advertising

പട്ടിണിയാണെന്നും മാന്യമായ മരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുജി തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്

ദയാവധം അനുവദിക്കണമെന്ന തന്റെ അപേക്ഷയില്‍ ഉടന്‍ അനുകൂല തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ഭിന്ന ലിംഗ വ്യക്തിയായ തൃശൂര്‍ എടമുട്ടം സ്വദേശി സുജി രംഗത്ത്. ജോലിയില്ലാത്തതിനാല്‍ പട്ടിണിയാണെന്നും മാന്യമായ മരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുജി തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. കലക്ടര്‍ തന്റെ അപേക്ഷ പരിഗണിക്കുക പോലും ചെയ്യാതെ ഒളിച്ചു കളിക്കുകയാണെന്ന് സുജി ആരോപിച്ചു.

രാജ്യത്ത് ആദ്യമായി ഭിന്ന ലിംഗം എന്ന പേരില്‍ വോട്ടവകാശം ലഭിച്ചത് 51 വയസ്സുള്ള സുജി എന്ന സുജിത്ത് കുമാറിനാണ്. ബി.എസ്.എസി നഴ്സിങ് പാസ്സായ സുജി ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. ഭിന്ന ലിംഗമായതിനാല്‍ ഒറ്റപ്പെട്ടു കഴിയുകയാണെന്നും പട്ടിണി കിടന്ന് മരിക്കാന്‍ വയ്യെന്നും കാണിച്ചാണ് സുജി കലക്ടര്‍ക്ക് ദയാവധത്തിനുള്ള അപേക്ഷ നല്‍കിയത്.

ദയാവധ അപേക്ഷ വാര്‍ത്തയായതോടെ ജോലി തരാമെന്ന് പറഞ്ഞ് പല സംഘടനകളും വ്യക്തികളും ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരം ജോലി സ്വീകരിക്കുന്നത് ഭാവിയില്‍ മറ്റ് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നും സര്‍ക്കാര്‍ ജോലിയാണ് വേണ്ടതെന്നും സുജി പറയുന്നു. മനുഷ്യര്‍ സഹായത്തിനില്ലാത്തതിനാല്‍ പട്ടിയും പൂച്ചയുമൊക്കെയാണ് തനിക്ക് കൂട്ട്. ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മാന്യമായി മരിക്കുന്നതാണെന്നുള്ള ചിന്തയാണ് ദയാവധത്തിന് പ്രേരിപ്പിച്ചത്. ഇത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും സുജി പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News