തോമസ് ചാണ്ടി നിയമം ലംഘിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന്

Update: 2018-05-22 11:07 GMT
Editor : Muhsina
തോമസ് ചാണ്ടി നിയമം ലംഘിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന്

തണ്ണീര്‍ത്തടം നികത്തി റോഡുണ്ടാക്കാന്‍ മുന്‍മന്ത്രി തോമസ് ചാണ്ടി ജില്ലാകലക്ടര്‍ അടക്കമുള്ളവരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നിയമം ലംഘിച്ചാണ് മന്ത്രി റോഡ് സീറോജെട്ടി..

തണ്ണീര്‍ത്തടം നികത്തി റോഡുണ്ടാക്കാന്‍ മുന്‍മന്ത്രി തോമസ് ചാണ്ടി ജില്ലാകലക്ടര്‍ അടക്കമുള്ളവരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നിയമം ലംഘിച്ചാണ് മന്ത്രി റോഡ് സീറോജെട്ടി വലിയകുളം റോഡ് നിർമ്മിച്ചതെന്നും കോട്ടയം വിജിലന്സ് കോടതിയില് വിജിലന്‍സ് സമര്പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

Advertising
Advertising

വലിയകുളം - സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തെക്കുറിച്ച് കോട്ടയം വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. നിലം നികത്തി റോഡ് നിര്‍മ്മിക്കാന്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നാണ് വിജിലൻസിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ. എം.പിമാരായ പി.ജെ. കുര്യന്‍റെയും കെ.ഇ. ഇസ്മായിലിന്റേയും ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. പ്രദേശവാസികള്‍ക്ക് വേണ്ടിയെന്നായിരുന്നു തോമസ് ചാണ്ടി എംപിമാരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ റോഡിന്‍റെ പ്രയോജനം കിട്ടിയത് ലേക്ക് പാലസ് റിസോര്‍ട്ടിന് മാത്രമാണ്. എംപി ഫണ്ട് വിനിയോഗിക്കുന്നത് കൃത്യമായിട്ടാണോയെന്ന് പരിശോധിക്കേണ്ട കളക്ടര്‍ അതില്‍ വീഴ്ച വരുത്തി. നിലം നികത്താന്‍ കളക്ടര്‍ അനുമതി കൊടുത്തതും അധികാര പരിധി മറികടന്നാണ്. കലക്ടറെ കൂടാതെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും റോഡ് നിര്‍മ്മാണത്തിന് കൂട്ടുനിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആലപ്പുഴ മുന്‍ കളക്ടര്‍മാരായിരുന്ന എന്‍. വേണുഗോപാലും സൗരവ് ജെയിനും ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമര്‍ശം. പുറം ബണ്ടായിരുന്ന ഭാഗം റോഡിനായി മണ്ണിട്ട് നികത്തിയത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍റെ ലംഘനമാണെന്നും വിജിലൻസ് കണ്ടെത്തി. കോട്ടയം വിജിലൻസ് എസ് പി മുദ്രവെച്ച കവറിൽ സമർപ്പിച്ച ഈ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News