ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ മുല്ലക്കല്‍ ബാലകൃഷ്ണന് ദേവസ്വം ബോര്‍ഡിന്റെ വക പുതിയ പീഡനം

Update: 2018-05-29 20:55 GMT
Editor : Jaisy
ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ മുല്ലക്കല്‍ ബാലകൃഷ്ണന് ദേവസ്വം ബോര്‍ഡിന്റെ വക പുതിയ പീഡനം

ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്ര വളപ്പില്‍ തളച്ചിരിക്കുന്ന ബാലകൃഷ്ണന്‍ ഇണക്കം കാണിക്കുന്ന ഒരേയൊരു പാപ്പാനെ ദേവസ്വം ബോര്‍ഡ് അടിയന്തരമായി സ്ഥലം മാറ്റി

തുറവൂരില്‍ ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ മുല്ലക്കല്‍ ബാലകൃഷ്ണന്‍‍ എന്ന ആനയ്ക്ക് ദേവസ്വം ബോര്‍ഡിന്റെ വക പുതിയ പീഡനം. ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്ര വളപ്പില്‍ തളച്ചിരിക്കുന്ന ബാലകൃഷ്ണന്‍ ഇണക്കം കാണിക്കുന്ന ഒരേയൊരു പാപ്പാനെ ദേവസ്വം ബോര്‍ഡ് അടിയന്തരമായി സ്ഥലം മാറ്റി. ചെളിയില്‍ താഴ്ന്നതിനെത്തടര്‍ന്നുണ്ടായ വൃണങ്ങള്‍ മാറാതെ നില്‍ക്കുന്ന ബാലകൃഷ്ണനെ അടുത്തു ചെന്ന് മരുന്നു വെക്കാനും ശുശ്രൂഷിക്കാനും കഴിയുന്ന പാപ്പാന്‍ മധുവിനെയാണ് ദേവസ്വം ബോര്‍ഡ് കരുനാഗപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയത്.

Advertising
Advertising

Full View

തുറവൂരില്‍ ചതുപ്പില്‍ താണപ്പോള്‍ മരത്തിലിടിച്ചും മയക്കുവെടിയേറ്റുമൊക്കെ ബാലകൃഷ്ണന്റെ ശരീരത്തിലുണ്ടായ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. മസ്തകത്തിലും പുറകുവശത്തുമുള്ള മുറിവുകള്‍ പഴുത്ത് വൃണങ്ങളായി മാറി ചലം പുറത്തേക്കൊഴുകുന്ന അവസ്ഥയിലാണ്. എട്ടു വര്‍ഷമായി ബാലകൃഷ്ണനൊപ്പമുള്ള പാപ്പാന്‍ മധുവാണ് മുറിവില്‍ മരുന്നു വെക്കുന്നതും ശുശ്രൂഷിക്കുന്നതും. മറ്റ് രണ്ട് പാപ്പാന്‍മാര്‍ കൂടി മുല്ലക്കല്‍ ക്ഷേത്രത്തിലുണ്ടെങ്കിലും ആരെയും മധുവിനെപ്പോലെ അടുത്തിടപഴകാന്‍ ആന അനുവദിക്കാറില്ല. കൂടുതല്‍ ശുശ്രൂഷ വേണ്ട സമയത്താണ് മധുവിനെ ദേവസ്വം ബോര്‍ഡ് അടിയന്തര ഉത്തരവിറക്കി കരുനാഗപ്പള്ളിയിലേക്ക് മാറ്റിയത്. മധു സ്ഥലം മാറിപ്പോയാല്‍‍ മുല്ലക്കല്‍ ബാലകൃഷ്ണന് ഇപ്പോഴുള്ള പരിചരണം പോലും ലഭിക്കില്ലെന്ന് ആനപ്രേമികള്‍ ഭയക്കുന്നു.

ബാലകൃഷ്ണനെ മുല്ലക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ച ശേഷം ഒരു തവണ മാത്രമാണ് മൃഗഡോക്ടര്‍ പരിശോധിച്ചത്. ആനയ്ക്ക് നിര്‍ദേശിച്ചിരുന്ന സുഖ ചികിത്സക്കുള്ള മരുന്ന് എത്തിക്കാത്തതിനെയും, ചതുപ്പില്‍‍ നിന്ന് രക്ഷപ്പെടുത്തിയ സമയത്ത് ദൂരപരിധി ചട്ടങ്ങള്‍ പാലിക്കാതെ അടുത്തു നിന്ന് മയക്കുവെടി വെച്ചതിനെയും മധു ചോദ്യം ചെയ്തിരുന്നു. ഇതാണ് സ്ഥലം മാറ്റത്തിന് പിറകിലുള്ള കാരണമെന്ന് മുല്ലക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ആനപ്രേമികള്‍ ആരോപിക്കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News