സിപിഎം-സിപിഐ ബന്ധം കൂടുതൽ ഉലയുന്നു

Update: 2018-06-01 20:39 GMT
Editor : Jaisy
സിപിഎം-സിപിഐ ബന്ധം കൂടുതൽ ഉലയുന്നു

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിൽ കടുത്ത അമർഷത്തിലാണ് സിപിഎം നേതൃത്വം

ഇടതുമുന്നണിയിൽ സിപിഎം-സിപിഐ ബന്ധം കൂടുതൽ ഉലയുന്നു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിൽ കടുത്ത അമർഷത്തിലാണ് സിപിഎം നേതൃത്വം. അടുത്ത എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിക്കാനും സിപിഎം തീരുമാനിച്ചു.

Full View

തോമസ് ചാണ്ടിക്കതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സിപിഎം- സിപിഐ ഭിന്നതയുണ്ടായിരുന്നുവെങ്കിലും ചർച്ചകളിലൂടെ അത് പരിഹരിക്കാൻ മുന്നണി നേതൃത്വത്തിനായിരുന്നു. എന്നാൽ മന്ത്രിസഭയോഗ ബഹിഷ്കരണം എന്ന അറ്റകൈ പ്രയോഗം സിപിഐ പ്രയോഗിച്ചതോടെ അതിനുളള സാധ്യത കൂടി അടയുകയാണ്.ബഹിഷ്കരണം തോമസ് ചാണ്ടിക്കെതിരെയാണെങ്കിലും അവഹേളിക്കപ്പെട്ടത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്.മുന്നണി മര്യാദയുടെ എല്ലാ സീമകളും സിപിഐ ലംഘിച്ചുവെന്ന പൊതു വികാരമാണ് സിപിഎം നേതൃത്വത്തിനുളളത്. മന്ത്രിസഭയോഗത്തിന് തൊട്ട് മുൻപ് മാത്രം തീരുമാനമെടുത്തതിലൂടെ ചർച്ചകൾക്കുളള വഴി സിപിഐ മനപൂർവം അടച്ചതാണെന്നും സിപിഎം വിലയിരുത്തുന്നു. ഉചിതമായ തിരിച്ചടി നൽകണമെന്ന ആവശ്യവും പാർട്ടി നേതൃത്വത്തിൽ ഒരുവിഭാഗത്തിനുണ്ട്.ഇതോടു കൂടി അടുത്ത എൽഡിഎഫ് യോഗം നിർണ്ണായകമാവുകയാണ്. മുന്നണിയിലെ മറ്റു കക്ഷികളെ ഒപ്പം കൂട്ടി സിപിഐയുടെ ഇടപെടലുകളെ ഒറ്റപ്പെടുത്തകയെന്നതും സിപിഎം ലക്ഷ്യമിടുന്നുണ്ട്.അതേ സമയം നിലപാടിൽ നിന്ന് പിറകോട്ടലെന്ന സന്ദേശമാണ് ജനയുഗത്തിലെ മുഖപ്രസംഗത്തിലൂടെ സിപിഐ നൽകുന്ന സന്ദേശം. സിപിഐയുടെ ഇടപെടലുകളാണ് മുന്നണിയേയും സർക്കാറിനേയും വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചതെന്നും പാർട്ടി നേതൃത്വം അവകാശപ്പെടുന്നു. ഏതായാലും അടുത്ത എൽഡിഎഫ് യോഗം ഇരുകക്ഷികളുടെയും തുറന്ന ഏറ്റുമുട്ടലിനായിരിക്കും വേദിയാവുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News