നോട്ട് നിരോധത്തിന്‍റെ ഒന്നാം വാര്‍ഷികം: സംസ്ഥാനത്ത് വിപുലമായ പ്രതിഷേധ പരിപാടികള്‍

Update: 2018-06-03 01:49 GMT
Editor : Sithara
നോട്ട് നിരോധത്തിന്‍റെ ഒന്നാം വാര്‍ഷികം: സംസ്ഥാനത്ത് വിപുലമായ പ്രതിഷേധ പരിപാടികള്‍
Advertising

എല്‍ഡിഎഫ് പ്രതിഷേധ ദിനമായി ആചരിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

നോട്ട്‌ നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികമായ ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കും. എല്‍ഡിഎഫ് പ്രതിഷേധ ദിനമായി ആചരിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ശിവസേന റിസര്‍വ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.

Full View

ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് പ്രതിഷേധ ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും എറണാകുളത്തും ആര്‍ബിഐ ഓഫീസിന് മുന്നിലും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലെ എസ്‌ബിഐ ഓഫീസിന് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും പോസ്റ്റര്‍ പ്രചരണങ്ങളും സംഘടിപ്പിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തും. നോട്ട് നിരോധത്തെ തുടര്‍ന്ന് മരണമടഞ്ഞ നിരപരാധികളുടെ സ്മരണാര്‍ത്ഥം അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച സമയമായ രാത്രി 8 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് മൗനജാഥ നടത്തും.

നോട്ട് നിരോധനത്തിന്റെ ദുരിതവും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കുണ്ടായ തകര്‍ച്ചയും തുടര്‍ന്ന് നടക്കുന്ന സമ്മേളനങ്ങളില്‍ നേതാക്കള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News