വിശുദ്ധ ഖുറാന്‍ സാക്ഷി; കെ എം ഷാജി പറഞ്ഞത് പച്ചക്കള്ളമെന്ന് കെ ടി ജലീല്‍

Update: 2018-06-03 11:15 GMT
Editor : Sithara
വിശുദ്ധ ഖുറാന്‍ സാക്ഷി; കെ എം ഷാജി പറഞ്ഞത് പച്ചക്കള്ളമെന്ന് കെ ടി ജലീല്‍

താന്‍ ഡ്രൈവിങ് പഠിക്കുമ്പോൾ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും കെ എം ഷാജി പ്രസംഗിച്ചത് പച്ചക്കള്ളമെന്ന് കെ ടി ജലീല്‍

താന്‍ ഡ്രൈവിങ് പഠിക്കുമ്പോൾ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും കെ എം ഷാജി പ്രസംഗിച്ചത് പച്ചക്കള്ളമെന്ന് മന്ത്രി കെ ടി ജലീല്‍. കെ എം ഷാജിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് ഇന്നലെയാണ്. ഷാജി ആരോപിച്ച പോലൊരു സംഭവമുണ്ടായിട്ടില്ലെന്ന് വിശുദ്ധ ഖുറാന്‍ സാക്ഷിയായി ജലീല്‍ പറഞ്ഞു.

Advertising
Advertising

25 വര്‍ഷം മുന്‍പ് താൻ യാത്ര ചെയ്ത ടാക്സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് അപകടത്തിൽ പെട്ട് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരന്‍ മരിച്ച സംഭവമാകാം ഇങ്ങനെയൊരു കഥ മെനയാൻ ഷാജിയെ പ്രേരിപ്പിച്ചത്. ആ വണ്ടിയുടെ ഉടമസ്ഥൻ മുറിച്ചാൽ പച്ചയെന്ന് നാട്ടുകാർ പറയുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്പള്ളി ചെറിയ മമ്മു ഗുരുക്കളാണ്. ഡ്രൈവർ ആ പ്രദേശത്തുള്ള കുഞ്ഞിപ്പയായിരുന്നു. കേസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. സംശയമുള്ളവർക്ക് അന്വേഷിച്ച് മനസ്സിലാക്കാമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

വിമർശനത്തിൽ സാമാന്യമായി പുലർത്തേണ്ട മര്യാദ ഷാജി പുലർത്താറില്ല. അവാസ്തവങ്ങൾ ചേരുവ ചേർത്ത് എതിർപക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയ നേതാക്കളെ കടിച്ച്കീറുന്ന "കാടൻസ്റ്റൈൽ" ലീഗിൽ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ല. അത്തരം അതിരുകടന്ന അസഭ്യവർഷങ്ങളൊന്നും അധികകാലം നീണ്ടുനിൽക്കില്ല. തനിക്കൊരു പാർട്ടിയില്ലെന്ന് സ്ഥാപിക്കാനെന്ന വ്യാജേന വ്യംഗ്യമായി തന്തയില്ലെന്ന് വരെ പറഞ്ഞ് വെയ്ക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തിലെന്നും കെ ടി ജലീല്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കെ.എം ഷാജിയുടെ നുണബോംബ് !!!!
---------------------------------------
എന്റെ പഴയ സഹപ്രവർത്തകൻ കെ.എം. ഷാജി MLA എനിക്കെതിരെ പച്ചക്കള്ളം എഴുന്നള്ളിച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് ഇന്നലെയാണ് . ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും , ഇതിനായി പേടിച്ചരണ്ട് ലീഗാഫീസിലേക്ക് ഓടിച്ചെന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിശുദ്ധ ഖുർആൻ സാക്ഷി ; ഈയുള്ളവൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാൾ മരണപ്പെടുകയോ , കേസിൽ നിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള വേറെ ഒരാളെ പ്രതിസ്ഥാനത്താക്കി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽനിന്ന് ഊരിപ്പോരുകയോ , ഈ ആവശ്യത്തിനായി എവിടെയെങ്കിലുമുള്ള ലീഗാഫീസിൽ ഓടിയെത്തുകയോ ചെയതിട്ടില്ല .

ഇരുപത്തിയഞ്ച് വർഷം മുമ്പ് ഞാൻ യാത്ര ചെയ്ത് കൊണ്ടിരുന്ന ഒരു ടാക്സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് അപകടത്തിൽ പെട്ട് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനായ സഹോദരൻ മരണപ്പെട്ട സംഭവമാകാം ഇങ്ങിനെയൊരു കഥ മെനയാൻ ഷാജിയെ പ്രേരിപ്പിച്ചത് . ആ വണ്ടിയുടെ ഉടമസ്ഥൻ മുറിച്ചാൽ പച്ചയെന്ന് നാട്ടുകാർ പറയുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്പള്ളി ചെറിയ മമ്മു ഗുരുക്കളാണ് . ഡ്രൈവർ അവിടുത്തുകാരൻ തന്നെയായ കുഞ്ഞിപ്പയായിരുന്നു . തൽസംബന്ധമായ കേസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത് . സംശയമുള്ളവർക്ക് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ് .

വിമർശനത്തിൽ എന്നോടെന്നല്ല ആരോടും സാമാന്യമായി പുലർത്തേണ്ട മര്യാദ ഷാജി പുലർത്താറില്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്ന ആർക്കും ബോദ്ധ്യമാകും . അവാസ്തവങ്ങൾ ചേരുവ ചേർത്ത് എതിർപക്ഷത്ത് നിൽക്കുന്ന സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ (എന്നെയല്ല) കടിച്ച്കീറുന്ന "കാടൻസ്റ്റൈൽ" ലീഗിൽ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . അത്തരം അതിരുകടന്ന അസഭ്യവർഷങ്ങളൊന്നും അധികകാലം നീണ്ടുനിൽക്കില്ല . എനിക്കൊരു പാർട്ടിയില്ലെന്ന് സ്ഥാപിക്കാനെന്ന വ്യാജേന വ്യങ്ങ്യമായി തന്തയില്ലെന്ന് വരെ പറഞ്ഞ് വെക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തിൽ അദ്ദേഹം . ഞാനെന്റെ പ്രസംഗത്തിലോ എഴുത്തിലോ ഷാജിക്കെതിരെ എന്നല്ല ഒരാൾക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച് ഒരു പദപ്രയോഗവും നടത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ട് .

ലീഗിനെതിരെ സഭയിൽ ഞാൻ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കിൽ ഒരേഒരു കാര്യമേ എനിക്കു അനുബന്ധമായി ചേർക്കാനുള്ളു . ലീഗുകാരല്ല തങ്ങളുടെ പിതാവിനെ , ഭർത്താവിനെ , സഹോദരനെ , മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികൾക്ക് നിയമ സഹായം ചെയത്കൊടുത്ത് സഹായിച്ചതെന്നും മണ്ണാർക്കാട്ടെ ഹംസയുടെയും നൂറുദ്ദീന്റെയും കുടുംബം പറയുമെങ്കിൽ , കുനിയിലെ അബൂബക്കറിന്റെയും ആസാദിന്റെയും ഭാര്യമാർ പറയുമെങ്കിൽ , ഓമശ്ശേരിക്കാരൻ കെ.ടി.സി അബ്ദുൽ ഖാദറിന്റെ ബന്ധുക്കൾ പറയുമെങ്കിൽ , കുണ്ടൂർ കുഞ്ഞുവിന്റെ സഹോദരങ്ങൾ പറയുമെങ്കിൽ , ചാവക്കാട് മുനിസിപ്പൽ ചെയർമാനായിരിക്കെ കൊല്ലപ്പെട്ട വൽസന്റെ മക്കൾ പറയുമെങ്കിൽ , നാദാപുരത്തെ ഷിബിന്റെ അച്ഛൻ പറയുമെങ്കിൽ സമൂഹ മാധ്യമങ്ങളിൽ വന്ന 44 സഹോദരൻമാരെ കൂടാതെ വയനാട്ടിലെ എസ്റ്റേറ്റ് സമരത്തിൽ വധിക്കപ്പെട്ട കുഞ്ഞിപ്പയുൾപ്പടെയുള്ളവരുടെ ബന്ധുമിത്രാതികൾ പറയുമെങ്കിൽ , ബോംബ് നിർമ്മാണത്തിനിടെ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മരിച്ച നരിക്കാട്ടേരിയിലെ അഞ്ച് ചെറുപ്പക്കാരുടെ രക്ഷിതാക്കൾ അവരാരും യൂത്ത്ലീഗ് പ്രവർത്തകരായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാം . ഇതിനൊന്നും ലീഗ് പാർട്ടിയോ നേതാക്കളോ ഉത്തരവാദിയല്ലെന്നാണ് വാദമെങ്കിൽ CPM പ്രവർത്തകർ പ്രതികളായ കൊലപാതക കേസുകളിൽ CPM പാർട്ടിയും അതിന്റെ നേതാക്കളും എങ്ങിനെയാണ് ഉത്തരവാദികളാവുക ? ലീഗിനും കോൺഗ്രസ്സിനും ബി.ജെ.പിക്കും അയ്രണ്ട് പതിനഞ്ചും CPM ന് മാത്രം അയ്രണ്ട് പത്തുമാകുന്നത് ഏത് 'അളവോമീറററിന്റെ' അടിസ്ഥാനത്തിലാണ് ?

കൊലപാതകങ്ങൾ ഏത് പാർട്ടിക്കാർ നടത്തിയാലും മഹാപരാധമാണ് . ഒരു ന്യായീകരണവും അതിനില്ല . കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ് . ഒരു തെറ്റ് മറ്റൊരു തെറ്റിനും പരിഹാരമാവില്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുക.. (''സിറാജ് " പത്രത്തിൽ വന്ന വാർത്തയാണ് ഇമേജായി കൊടുത്തിട്ടുള്ളത് )

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News