കറുവപ്പട്ടയുടെ വ്യാജനെ ഇനി തിരിച്ചറിയാം
ആരോഗ്യത്തിന് ഹാനികരമായ കൗമാരിന്‍ എന്ന ഘടകം കൂടിയ തോതില്‍ ഉള്ളതിനാല്‍ കാസിയ നിരോധിക്കണമെന്ന ആവശ്യം ഏറെകാലമായി ഉയരുന്നുണ്ട്.
കറുവപ്പട്ടയുടെ വ്യാജനായ കാസിയയെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. പ്രത്യക്ഷത്തില്‍ ഇവ രണ്ടിനെയും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം മുതലെടുത്ത് കാസിയ വിപണി കീഴടക്കിക്കഴിഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ കൗമാരിന്‍ എന്ന ഘടകം കൂടിയ തോതില്‍ ഉള്ളതിനാല്‍ കാസിയ നിരോധിക്കണമെന്ന ആവശ്യം ഏറെകാലമായി ഉയരുന്നുണ്ട്.
സുഗന്ധവിളയായ കറുവപ്പട്ട ഇന്ത്യയില്‍ കേവലം പതിനായിരം ഹെക്ടറില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. കറുവപ്പട്ട എന്ന പേരില്‍ രാജ്യത്ത് വില്‍ക്കുന്നതില്‍ ഭൂരിഭാഗവും ചൈന , ഇന്തോനേഷ്യ , വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാസിയയാണ്. കറുവപ്പട്ട, കാസിയ മരങ്ങള്‍ തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാനാകില്ല. നല്ല പരിചയമുള്ളവര്‍ക്ക് മാത്രം രുചിച്ച് നോക്കി വ്യത്യാസം അറിയാനാകും.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന കൗമാരിന്‍ എന്ന ഘടകം കറുവപ്പട്ടയില്‍ .004 ശതമാനം മാത്രം ഉള്ളപ്പോള്‍ കാസിയയില്‍ ഇത് ഒരു ശതമാനമാണ്. ഈ അപകടം ചൂണ്ടിക്കാണിച്ച് കാസിയ നിരോധിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും കറുവപ്പട്ടയും കാസിയയും തമ്മില്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയുടെ അഭാവം ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ മാറി നിന്നു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പുതിയ കണ്ടുപിടുത്തം ഈ പരിമിതി മറികടക്കാന്‍ സഹായിക്കുന്നതാണ്.