തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഭീമന്‍കിണറിന് പുനര്‍ജീവന്‍
വരും നാളുകളില്‍ തന്നെ റയില്‍വെ സ്റ്റേഷനിലേക്ക് ഈ കിണറില്‍ നിന്ന് വെള്ളമെത്തി തുടങ്ങും
115 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഭീമന്‍കിണറിന് പുനര്‍ജീവന്‍. 50 വര്‍ഷമായി ഉപയോഗിക്കാതിരിക്കുകയും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയും ചെയ്ത കിണര്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് പുനരുദ്ധരിച്ചത്. വരും നാളുകളില്‍ തന്നെ റയില്‍വെ സ്റ്റേഷനിലേക്ക് ഈ കിണറില്‍ നിന്ന് വെള്ളമെത്തി തുടങ്ങും.
തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഈ ഭീമന്‍ കിണറിന് പ്രായം ഏകദേശം നൂറ്റിപതിനഞ്ചാണ്. 1902ല്‍ തൃശൂരില്‍ റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയപ്പോള്‍ നിര്‍മിച്ചതാണീ കിണറെന്ന് കരുതപ്പെടുന്നു. സ്റ്റേഷനിലെ ആവശ്യങ്ങള്‍ക്കൊപ്പം ആവി എന്‍ജിന്‍ ട്രെയിനുകള്‍ക്കുള്ള വെള്ളവും എടുത്തിരുന്നത് ഈ കിണറ്റില്‍ നിന്ന് തന്നെ. പിന്നീട് പീച്ചി ഡാമില്‍ നിന്ന് ജലമെത്തിയതോടെ ഭീമന്‍ കിണറിനെ അവഗണിച്ചു. അര നൂറ്റാണ്ടായി ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായി ഇത് മാറി.ഇക്കഴിഞ്ഞ വേനലിലെ സ്റ്റേഷനിലുണ്ടായ വലിയ ജല ദൌര്‍ലഭ്യമാണ് ഭീമന്‍ കിണറ്റിലേക്ക് സ്റ്റേഷന്‍ മാനേജരുടെ കണ്ണെത്തിച്ചത്.പിന്നെ ധൃതി പിടിച്ച് കാര്യങ്ങള്‍ നീക്കി. സ്ഥലം എംഎല്‍എ കൂടിയായ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ഹരിതകേരളത്തില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപ അനുവദിച്ചു. നാല് മാസത്തെ പരിശ്രമം കൊണ്ട് മാലിന്യ കേന്ദ്രം നല്ല കിണറായി മാറി.
പത്ത് മീറ്റര്‍ ആഴവും 9 മീറ്ററിലേറെ വ്യാസവുമുണ്ട് കിണറിന്. മഴ തുടങ്ങിയതോടെ ഏഴ് മീറ്ററോളം വെള്ളം നിറഞ്ഞ് കഴിഞ്ഞു. കിണര്‍ മൂടുന്ന പണി കൂടി കഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വെള്ളമടിച്ച് തുടങ്ങും. ആദ്യ വര്‍ഷം കുടിക്കാന്‍ ഉപയോഗിക്കില്ല. പഴയകാലത്ത് വെള്ളമടിക്കാന്‍ ഉപയോഗിച്ചിരുന്ന ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഹാന്‍ഡ് പമ്പിംഗ് യന്ത്രവും ചരിത്രസ്മാരകംപോലെ കിണറിനു മുകളിലെ കല്‍ഭിത്തിയിലുണ്ട്.