ഈ മാസം 3മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്സി പണിമുടക്ക്

പണിമുടക്കില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ച് നിന്നാല്‍ ജനങ്ങള്‍ക്ക് വലിയ ദുരിതം നേരിടേണ്ടി വരും.

Update: 2018-07-01 06:12 GMT
Advertising

ഈ മാസം മൂന്നാം തീയതി അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ സംഘടനകളും സംയുക്ത കോഡിനേഷന്‍ കമ്മിറ്റിയുടേ നേത്യത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ 10 തൊഴിലാളി സംഘടനകളുടെ നേത്യത്വത്തിലുള്ള അനിശ്ചിതകാല സമരം. ഓട്ടോ ടാക്സി തൊഴിലാളികളും, ലൈറ്റ് കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.

സ്കൂള്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളും പണിമുടക്കുന്നുണ്ട്. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണെന്നതാണ് പ്രധാന ആവശ്യം.15 വര്‍ഷത്തേക്ക് അഡ്വാന്‍സ് ടാക്സ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് മറ്റൊരു ആവശ്യം. കള്ള ടാക്സിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്.

സംസ്ഥാനത്ത് പരിഹരിക്കാന്‍ പറ്റുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. തുടര്‍ ചര്‍ച്ചകളും നടത്തും. പണിമുടക്കില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ച് നിന്നാല്‍ ജനങ്ങള്‍ക്ക് വലിയ ദുരിതം നേരിടേണ്ടി വരും.

Full View
Tags:    

Similar News